
മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: തുറമുഖ അതോറിട്ടിയുടെ അധീനതയിലുള്ള എറണാകുളം വാർഫിലെ പ്രവർത്തനരഹിതമായ റെയിൽപാതയിൽ നിന്ന് പാളങ്ങൾ മുറിച്ചു കടത്താൻ പ്രതികൾ നടത്തിയത് ഒരുമാസത്തെ മുന്നൊരുക്കം. വാർഫിലെ മുൻ കരാർ തൊഴിലാളികളും എറണാകുളം സ്വദേശികളുമായ താജുദ്ദീൻ, അഫ്‌സൽ, അന്യസംസ്ഥാന തൊഴിലാളി ചന്ദ്രശേഖർ മാലിക്ക് എന്നിവർ ജോലിചെയ്യുന്ന കാലത്താണ് പദ്ധതി തയ്യാറാക്കിയത്. മൂവരും മോഷണക്കേസുകളിലടക്കം പ്രതികളാണെന്ന് ആർ.പി.എഫ് പറഞ്ഞു.
വാർഫിലെ ക്യു9 ബെർത്ത് മുതൽ ടാറ്റാ ടെറ്റ്‌ലി വരെ 500 മീറ്റർ ഭാഗത്തെ ട്രാക്കാണ് പലദിവസങ്ങളിലായി രാത്രിയിലെത്തി മുറിച്ച് കഷണങ്ങളാക്കിയത്. സി.ഐ.എസ്.എഫിന്റെ ശ്രദ്ധയിൽപ്പെടാതെ മുറിച്ചെടുത്ത കഷണങ്ങൾ അന്നന്നുതന്നെ തുറമുഖത്തിന് പിൻഭാഗത്ത് പൂട്ടിക്കിടക്കുന്ന ഗേറ്റിലൂടെ കടത്തി. കാക്കനാട് ഭാഗത്തെ കാടുമൂടിയ കേന്ദ്രത്തിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.
പദ്ധതി വിജയിച്ചെങ്കിലും കവർച്ച പുറത്തായത് മൂവരെയും ആശങ്കയിലാക്കി. പിടിക്കപ്പെടും മുൻപ് പാളത്തിന്റെ 400 കഷണങ്ങൾ വിറ്റ് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി തമിഴ്‌നാട്ടിലേക്ക് പോകുംവഴിയാണ് പിടിവീണത്. ആലുവ മാർക്കറ്റിന് സമീപത്ത് നിന്ന് ലോറിസഹിതമാണ് പ്രതികളെ പിടികൂടിയത്. സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചാണ് ആർ.പി.എഫ് പ്രതികളിലേക്ക് എത്തിയത്. അന്വേഷണത്തിനിടെ പ്രതികളെക്കുറിച്ച് പ്രദേശവാസികളിൽ നിന്ന് സൂചന ലഭിച്ചിരുന്നു.
കൂലിപ്പണിയും മറ്റം ചെയ്യുന്ന മൂവർക്കും വെൽഡിംഗ് അറിയാം. മോഷണത്തിനായി ഗ്യാസ് കട്ടറുകളും മറ്റും ഇവർ തന്നെയാണ് തരപ്പെടുത്തിയത്. ലോറി വാടകയ്‌ക്കെടുത്താണ് ഇരുമ്പ് പാളങ്ങൾ കടത്തിയിരുന്നത്. ഈ ലോറി മോഷ്ടിച്ചതാണെന്ന സംശയം ആർ.പി.എഫിനുണ്ട്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും ആർ.പി.എഫ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |