SignIn
Kerala Kaumudi Online
Thursday, 02 July 2026 5.19 AM IST

കിലോയ്ക്ക് ₹500 കടന്നു, കുഞ്ഞനല്ല വിലയിൽ കാന്താരി

f

കോലഞ്ചേരി: അടുക്കളയിലെ കുഞ്ഞൻ കാന്താരി ഇനി ചില്ലറക്കാരനല്ല, വിപണിയിലെ വി.വി.ഐ.പിയാണ്. ഡിമാൻഡേറിയതോടെ കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലെത്തി. ഏതാനും ആഴ്ചകൾക്ക് മുമ്പ് 200-300 രൂപയ്ക്കിടയിലായിരുന്നു വില.

കൊളസ്‌ട്രോൾ കുറയ്ക്കാൻ കാന്താരി സഹായിക്കുമെന്ന വിശ്വാസമാണ് ആവശ്യക്കാർ വർദ്ധിക്കുന്നതിന് പ്രധാനകാരണം. ഇതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ലെങ്കിലും, ഈ വിശ്വാസം കാന്താരിയെ വിപണിയിലെ കുഞ്ഞൻ സെലിബ്രിറ്റിയാക്കി. ഒരുകാലത്ത് വീട്ടുവളപ്പിലെ ചെടിയായിരുന്ന കാന്താരി ഇന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ മെനുവിലും സ്ഥാനംപിടിച്ചു. കപ്പയ്ക്കൊപ്പമുള്ള കാന്താരിച്ചമ്മന്തി ഉൾപ്പെടെയുള്ള വിഭവങ്ങൾ ജനപ്രീതി നേടിയതും ആവശ്യകത വർദ്ധിച്ചു.

കേരളത്തിൽ കാന്താരിക്കൃഷി കുറവ്

വില റെക്കാർഡ് ഉയരത്തിലെത്തിയിട്ടും കേരളത്തിൽ കാന്താരിക്കൃഷി ചെയ്യുന്നവർ കുറവാണ്. ഇഞ്ചി ഉൾപ്പെടെയുള്ള കൃഷികൾക്കിടയിലെ ഇടവിളയായാണ് പലരും കാന്താരി വളർത്തുന്നത്. വിലയിലെ ചാഞ്ചാട്ടവും ഗുണമേന്മയുള്ള തൈകളുടെ ലഭ്യതക്കുറവും കർഷകരെ വലിയ തോതിൽ കൃഷിയിലേക്ക് ആകർഷിക്കുന്നില്ല. കേരളത്തിന് പുറമെ മേഘാലയയിലും തമിഴ്നാട്ടിലും കാന്താരിക്കൃഷി ചെയ്യുന്നുണ്ട്. വെള്ള, പച്ച, നീല, വയലറ്റ് നിറങ്ങളിലുള്ള കാന്താരികളിൽ പച്ച കാന്താരിക്കാണ് കൂടുതൽ ആവശ്യക്കാർ. സാധാരണയായി വിത്തുകൾ സ്വയം വീണ് മുളച്ചാണ് കാന്താരി വളരാറുള്ളത്. എന്നാൽ ഓരോ വർഷവും വില കുതിച്ചുയരുന്നതോടെ വീട്ടുവളപ്പുകൾക്കപ്പുറം കൃഷിയിടങ്ങളിലും കാന്താരി സ്ഥാനം പിടിച്ചുതുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL