തദ്ദേശ വകുപ്പിനെതിരെ ഇത്തരത്തിൽ നഷ്ടപരിഹാരം വിധിക്കുന്നത് അപൂർവം
കൊച്ചി: സ്വകാര്യവഴി ഉടമയറിയാതെ പൊതുവഴിയാക്കിയതിന് തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ വിധിച്ച നഷ്ടപരിഹാരത്തുക ഉത്തരവാദിയായ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ അടച്ചിട്ടും ഭൂഉടമയ്‌ക്ക് ലഭിക്കുന്നില്ല. ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് പി.ഡി. രാജൻ വിധിച്ച 25,000 രൂപ പത്തുമാസമായി അക്കൗണ്ടിൽ കിടക്കുന്നു. ഇപ്പോൾ തിരുവനന്തപുരം കോർപ്പറേഷനിൽ ജോലിചെയ്യുന്ന രണ്ടാം ഗ്രേഡ് ഓവർസിയർ കെ. സുകുവാണ് കഴിഞ്ഞ ഒക്ടോബറിൽ തുക ജില്ലാ ട്രഷറിയിൽ അടച്ചത്. ഇതു ലഭിക്കാനായി അനീതിക്ക് ഇരയായ ഉടമ അടുത്ത യുദ്ധത്തിലാണ്. ജസ്റ്റിസ് പി.ഡി. രാജന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ഒമ്പതുമാസമായി ഓംബുഡ്സ്മാൻ കസേര ഒഴിഞ്ഞുകിടക്കുന്നതാണ് നഷ്ടപരിഹാരം കൈമാറുന്നതിന് ഉദ്യോഗസ്ഥരുടെ തടസവാദം. ഓംബുഡ്സ്മാൻ ഓഫീസിൽ ഭൂഉടമ പരാതി നൽകി. സെക്രട്ടറിയും അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻസ് ഓഫീസർമാരുമായി 17പേർ ഓഫീസിലുണ്ട്. സിറ്റിംഗ് നടക്കാത്തതിനാൽ ഇവർക്ക് കാര്യമായ ജോലിയൊന്നുമില്ല.
അയൽവാസിക്കായി സുകുവിന്റെ വിക്രിയ
കൊച്ചി കോർപ്പറേഷനിൽ ഓവർസിയർ ആയിരുന്നപ്പോഴാണ് കെ. സുകു പള്ളുരുത്തി ആശിർവാദിൽ പി.എസ്. ബാബു സുരേഷിന്റെ ഭാര്യ ഷീബയുടെ വസ്തുവിലേക്കുള്ള സ്വകാര്യവഴി കോർപ്പറേഷന്റെ ആസ്തി രജിസ്റ്ററിൽ 2017ൽ ആരുമറിയാതെ എഴുതിച്ചേർത്തത്. പ്രവാസിയായ ബാബു സുരേഷ് അന്നുമുതൽ പലവട്ടം പരാതികൾ നൽകിയിട്ടും കോർപ്പറേഷൻ അനങ്ങിയില്ല. ഓംബുഡ്സ്മാൻ ഇത് അസാധുവാക്കി. ഉടമയ്ക്ക് 25000 രൂപ നഷ്ടപരിഹാരവും കൃത്യവിലോപത്തിന് നടപടിയെടുക്കാത്തതിന് 25,000 രൂപ പിഴയും വിധിച്ചു. സമീപത്തെ വസ്തു ഉടമയ്ക്ക് വേണ്ടിയായിരുന്നു സുകുവിന്റെ ക്രിയ. കൊച്ചി മുൻസിഫ് കോടതി വിധിയും താലൂക്ക് സർവേയറുടെ റിപ്പോർട്ടും പരിഗണിക്കപ്പെട്ടില്ല. ആസ്തി രജിസ്റ്ററിൽ സെക്രട്ടറിക്കുമാത്രമേ എഴുതാൻ അധികാരമുള്ളൂ. എന്നിട്ടും സുകുവിനെതിരെ സെക്രട്ടറി നടപടിയെടുത്തില്ല. ഇത് ദുർഭരണത്തിന് ഉദാഹരണമായും ഉത്തരവിൽ ചൂണ്ടിക്കാട്ടി. പണമടച്ചില്ലെങ്കിൽ റവന്യൂ റിക്കവറിയിലൂടെ ഈടാക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
പണത്തിന് വേണ്ടിയല്ല, സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിക്കും അഹന്തയ്‌ക്കും കെടുകാര്യസ്ഥതയ്ക്കും വേണ്ടിയാണ് പോരാട്ടം. ആരും ചോദിക്കില്ലെന്ന അഹങ്കാരം മാറാൻ ജനങ്ങൾക്ക് മുന്നിൽ വഴിയുണ്ടെന്നും തെളിയിക്കണം.
പി.എസ്.ബാബു സുരേഷ്
പള്ളുരുത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |