SignIn
Kerala Kaumudi Online
Saturday, 11 July 2026 3.04 AM IST

ഡോ.സനിൽകുമാറിന്റെ ഓർമ്മകൾക്ക് രണ്ടാണ്ട് ക്യാൻസർ സെന്ററും സൂപ്പർ സ്‌പെഷ്യാലിറ്റിയും പൂർണമായില്ല

drsanil

കൊച്ചി: ‌പാവപ്പെട്ട ജനങ്ങൾക്ക് അഭയമായി ജനകീയ ഡോക്ടർ എൻ.കെ. സനിൽകുമാർ പോരാടി നേടിയ കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ, എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് എന്നിവ, അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷികത്തിലും പൂർണസജ്ജമായില്ല. കെട്ടിടങ്ങൾ പൂർത്തിയായെങ്കിലും ഡോക്‌ടർമാരെ ഉൾപ്പെടെ നിയമിക്കാനും സൗകര്യങ്ങൾ വിനിയോഗിക്കാനും അധികൃതർ തയ്യാറായിട്ടില്ല.

മദ്ധ്യകേരളത്തിനായി കൊച്ചിയിൽ റീജിയണൽ ക്യാൻസർ സെന്ററിന്റെ മാതൃകയിൽ കേന്ദ്രമെന്ന ആശയം ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പ്രൊഫ.എം.കെ. സാനു എന്നിവരുമായി ഡോ. സനിൽകുമാർ പങ്കുവച്ചു. ഇരുവരും ഇടപെട്ടതോടെ കളമശേരിയിൽ മെഡിക്കൽ കോളേജ് വളപ്പിൽ 2016ൽ കൊച്ചി ക്യാൻസർ സെന്റർ ആരംഭിച്ചു. കൃഷ്ണയ്യരുടെ മരണശേഷം കൃഷ്ണയ്യർ മൂവ്‌മെന്റ് എന്ന കൂട്ടായ്‌മ ഡോ. സനിൽകുമാറിന്റെ നേതൃത്വത്തിൽ ക്യാൻസർ സെന്ററിനും മെഡിക്കൽ കോളേജ് വികസനത്തിനും ഇടപെടൽ തുടർന്നു.

ഏഴുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ക്യാൻസർ സെന്റർ കെട്ടിടം കഴിഞ്ഞ ഫെബ്രുവരി 9ന് ഉദ്ഘാ‌ടനം ചെയ്തെങ്കിലും പ്രവർത്തനം ഭാഗികമാണ്. 100 കിടക്കകൾ, നാല് തിയേറ്ററുകൾ, മൂന്ന് റേഡിയോ തെറാപ്പി യൂണിറ്റുകൾ, ട്യൂമർ സ്‌കാനർ, എം.ആർ.ഐ സ്‌കാൻ, സി.ടി സ്‌കാൻ, രക്തബാങ്ക്, മൈക്രോബയോളജി യൂണിറ്റ്, അനസ്തേഷ്യ എന്നിവ ഒരുക്കുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല. ഡോക്‌ടർമാരുടെ ഉൾപ്പെടെ 200ഓളം തസ്തികകൾക്ക് സർക്കാർ അനുമതി നൽകിയെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.

മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കൂടുതൽ നിയമനങ്ങൾ നടത്താനും സ്ഥലസൗകര്യം പ്രയോജനപ്പെടുത്തി വിദഗ്ദ്ധചികിത്സ ലഭ്യമാക്കാനും കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല. ജില്ലയിൽ നിന്നുള്ള മുഖ്യമന്ത്രി വി.ഡി. സതീശനും കളമശേരി മണ്ഡലത്തിന്റെ പ്രതിനിധിയായ മന്ത്രി വി.ഇ. അബ്‌ദുൾ ഗഫൂറും രണ്ട് ചികിത്സാകേന്ദ്രങ്ങളും പൂർണസജ്ജമാക്കാൻ ഇടപെടുമെന്ന പ്രതീക്ഷയിലാണ് വി.ആർ. കൃഷ്‌ണയ്യർ മൂവ്മെന്റ്.

ഇന്ന് ഓർമ്മദിനം

രണ്ടാം ചരമവാർഷികത്തിൽ ഡോ. സനിൽകുമാറിനെ ഇന്ന് അനുസ്‌മരിക്കും. ജസ്‌റ്റിസ് വി.ആർ. കൃഷ്‌ണയ്യർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 5.30ന് മെഡിക്കൽ കോളേജിന് സമീപം കേരള നിപ്പോൺ സെന്ററിലാണ് അനുസ്‌മരണം. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. അനിൽകുമാർ പ്രഭാഷണം നടത്തും. ഡോ. സനിൽകുമാർ സ്‌മാരക എൻഡോവ്മെന്റ് 2025- 26ൽ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ഉന്നതവിജയം നേടിയ വി.എസ്. വിനയ്‌ക്ക് സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, DR SANILKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL