
കൊച്ചി: മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഡിജിറ്റൽ സർവേ പദ്ധതിയിലെ താത്കാലിക ജീവനക്കാർ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നു. ഇതോടെ ഡിജിറ്റൽ സർവേ സ്തംഭനാവസ്ഥയിലായി. മാർച്ച് മുതലാണ് ശമ്പളം മുടങ്ങിയത്. 15നുള്ളിൽ തീരുമാനമാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ല. ശമ്പളമില്ലാതായതോടെ 150 ഓളം പേർ നിലവിൽ പ്രഖ്യാപിത അവധിയിലാണ്.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച ഭൂരിഭാഗം സർവേയർമാരും ഹെൽപ്പർമാരും 40 വയസ് കഴിഞ്ഞവരാണ്. സ്ഥിര വരുമാനം പ്രതീക്ഷിച്ച് നിലവിലുണ്ടായിരുന്ന മറ്റു ജോലികൾ ഉപേക്ഷിച്ചാണ് പലരും പദ്ധതിയുടെ ഭാഗമായത്. ദിവസേന ജോലിക്ക് പോകാനുള്ള യാത്രാചെലവുകൾ പോലും സ്വന്തം കയ്യിൽ നിന്ന് കണ്ടെത്താൻ കഴിയുന്നില്ല. സർവേ ആവശ്യങ്ങൾക്കായി കരാറടിസ്ഥാനത്തിൽ വിട്ടുനൽകിയ വാഹനങ്ങളുടെ വാടക തുകയും മാസങ്ങളായി വിതരണം ചെയ്തിട്ടില്ല. പദ്ധതിക്കായി നീക്കിവച്ച തുക വകമാറ്റി ചെലവഴിച്ചതാണ് തുക വിതരണം ചെയ്യാൻ സാധിക്കാത്തതിന് കാരണമെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ഡിജിറ്റൽ സർവേ സ്തംഭനാവസ്ഥയിൽ
നിലവിൽ നാലാം ഘട്ടത്തിലേക്ക് നീങ്ങുന്ന സർവേ നടപടികൾക്ക് താത്കാലിക ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് വലിയ തിരിച്ചടിയാണ്. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ ഇടപ്പള്ളി സൗത്ത്, ഇടപ്പള്ളി നോർത്ത് തുടങ്ങിയ വില്ലേജുകളിൽ സർവേ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ജീവനക്കാരുടെ പിന്മാറ്റം. കൂടാതെ ജില്ലയിലെ ചില സ്ഥലങ്ങളിൽ ഓഫീസുകൾ പൂർണമായും അടച്ചു പൂട്ടിയ സ്ഥിതിയാണ്.
വെയിലും മഴയും കൊണ്ട് കൃത്യമായി ജോലി ചെയ്തിട്ടും നാലുമാസമായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ കുടുംബം പുലർത്താൻ മറ്റ് വഴികളില്ല. കടക്കെണിയിലായതോടെയാണ് പലരും ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരായത്.
അനു മോൾ
സർവേ താത്കാലിക ജീവനക്കാരി
കൊച്ചി താലൂക്ക്
പ്രധാന ആവശ്യങ്ങൾ
1. മുടങ്ങിപ്പായ നാലുമാസത്തെ ശമ്പള കുടിശികയും വാഹന വാടകയും അടിയന്തരമായി വിതരണം ചെയ്യുക.
2. കരാർ ജീവനക്കാരെ അനാവശ്യമായി ഒഴിവാക്കാതിരിക്കുക
3. മാസാവസാനം കൃത്യസമയത്ത് ശമ്പളം ലഭ്യമാക്കാനുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കുക
3. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി അനാവശ്യ തടസങ്ങളില്ലാതെ തുടർച്ചയായി പുതുക്കി നൽകുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |