
കൊച്ചി: മാസങ്ങളായി പരസ്പരം കാണാതിരുന്ന ആൺസുഹൃത്തും പെൺകുട്ടിയും ഫിഫ ലോകകപ്പ് ഫൈനൽ കാണാൻ മാളിൽ ഒരുക്കിയ ബിഗ് സ്ക്രീനിന് മുന്നിൽ വീണ്ടും കണ്ടുമുട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം കലാശിച്ചത് സോഡാ കുപ്പി ആക്രമണത്തിൽ! പെൺകുട്ടിയുടെ സഹോദരനാണ് ആൺസുഹൃത്തിന്റെ സോഡാ കുപ്പി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ 18കാരനായ ആൺസുഹൃത്തിനെയും ഇയാളുടെ കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം ഞാറയ്ക്കൽ സ്വദേശിയായ 21കാരനാണ് ആക്രമണത്തിന് ഇരയായത്. തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചെ കുണ്ടന്നൂരിലെ ചായക്കടയിൽ വെച്ചായിരുന്നു സംഭവം. ആക്രമണം നടത്തിയ യുവാവും പെൺകുട്ടിയും സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. സ്കൂൾ കാലം മുതലുള്ള സൗഹൃദം നാല് മാസം മുൻപ് പെൺകുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ, മരടിലെ മാളിൽ ഫുട്ബാൾ ലോകകപ്പ് ഫൈനൽ കാണാൻ ഒരുക്കിയ ബിഗ് സ്ക്രീനിന് മുന്നിൽ ഇരുവരും അവിചാരിതമായി വീണ്ടും കണ്ടുമുട്ടുകയായിരുന്നു.
പെൺകുട്ടിക്കൊപ്പം സഹോദരനും ഉണ്ടായിരുന്നു. മാളിൽ വെച്ച് ഇരുവരും സൗഹൃദം പുതുക്കാൻ തയ്യാറായിരുന്നില്ല. മത്സരം അവസാനിച്ച ശേഷം പെൺകുട്ടിയും സഹോദരനും കുണ്ടന്നൂരിലെ ചായക്കടയിലേക്ക് പോയി. പ്രതിയായ യുവാവും കൂട്ടുകാരനും അവിചാരിതമായി ഇവിടെയുമെത്തി. തുടർന്ന് പെൺകുട്ടിയുമായുള്ള പഴയ സൗഹൃദത്തിന്റെ പേരിൽ ചായക്കടയിൽവച്ച് യുവാവും പെൺകുട്ടിയുടെ സഹോദരനും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ യുവാവ് സോഡാ കുപ്പിയെടുത്ത് 21കാരന്റെ തലയ്ക്കും കഴുത്തിനും അടിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ചായക്കടയിലുണ്ടായിരുന്നവരാണ് പരിക്കേറ്റ യുവാവിനെ ഉടനടി ആശുപത്രിയിലെത്തിച്ചത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഞാറയ്ക്കൽ പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |