
മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ 13 വാർഡിലെ പിരളിമറ്റം നെടുമലയിൽ മണ്ണിടിച്ചിലിലും മലവെള്ള പാച്ചിലിലും രണ്ട് വീടുകൾ തകർന്നു. എട്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളിയാഴ്ച രാത്രി 11.30നാണ് ആദ്യ മണ്ണിടിച്ചിലും മലവെള്ള പാച്ചിലും ഉണ്ടായത്. മുൻപഞ്ചായത്ത് മെമ്പർ കടകാവിൽ അനിത റെജിയുടെ വീടിന് പിന്നിൽ മണ്ണിടിഞ്ഞ് മരങ്ങളും മണ്ണും കല്ലുകളും വീണ് വീട് ഭാഗികമായി തകർന്നു. സമീപത്തെ കൊത്തളത്തിൽ കെ.വി സോമന്റെ വീടും ഭാഗികമായി തകർന്നു.
ഇവരുടെ വീടിലെ ഗൃഹോപകരണങ്ങൾ അടക്കം മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും നശിച്ചു. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
പുലർച്ചെ ഒന്നരയോടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെ അകത്തുട്ടേൽ ബിനു പ്രഭാകരൻ, ഇരുപൂളുംകാട്ടിൽ ഇ.കെ സുഭാഷ്, കിഴക്കേപ്പുറത്ത് തങ്കപ്പൻ, ഇരുപൂളും കാട്ടിൽ ഇ.സി അനിൽ, പടിഞ്ഞാറേൽ സത്യവാൻ, കുറിഞ്ഞിലിക്കാട്ട് മനോജ്, നിരവത്ത് എൽസി സണ്ണി, പാമ്പുറത്ത് തെക്കുംമല ലക്ഷ്മി കുട്ടി രവി എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ സ്ഥലത്തെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
മൂവാറ്റുപുഴ നഗരവും സമീപപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരത്തിലെ കൊച്ചങ്ങാടി, ഇലാഹിയ നഗർ, ആനിക്കാകുടി കോളനി, മൂന്നുകണ്ടം കോളനി , ഹോമിയ ആശുപത്രി എന്നിവടങ്ങളിൽ വെള്ളം കയറി. 35 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മലങ്കര ഡാം ഷട്ടർ തുറന്നതോടെയാണ് മൂവാറ്റുപുഴയാർ കരകവിഞ്ഞത്.
വെള്ളം റോഡിൽ കെട്ടിനിൽക്കുന്നതിനാൽ നഗരത്തിൽ വലിയ ഗതാഗതകുരുക്കുണ്ട്. മൂവാറ്റുപുഴ നഗരസഭ, പായിപ്ര ,വാളകം, മാറാടി, ആയവന പഞ്ചായത്തുകളിലെ പുഴയോട് ചേർന്ന ഭാഗങ്ങളിൽ താമസിക്കുന്നവരും നഗരത്തിലെ വ്യാപാരികളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |