
മുണ്ടക്കയം: കലിതുള്ളി പെയ്ത മഴയിൽ അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചുപോയി മലയോരമേഖല. കൊക്കയാർ,
കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ലം ഇരച്ചെത്തി.
മുണ്ടക്കയം കോസ് വെ, കുട്ടിക്കൽ ചപ്പാത്ത് എന്നിവ വെള്ളത്തിനടിയിലായി. കോസ്‌വേ പാലം പൂർണമായും വെള്ളത്തിൽ മുങ്ങി. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിലും വെള്ളം കയറി. നാരകംപുഴ ചന്തക്കടവ് ഭാഗത്ത് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കൊക്കയാർ കൂട്ടിക്കൽ റോഡിൽ വെള്ളം കയറി. നാരകംപുഴ സി.എസ്.ഐ പാരീഷ് ഹാൾ, കൂട്ടിക്കൽ കെ.എം.ജെ പബ്ലിക് സ്‌കൂൾ, വെംബ്ലി കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുഗുണൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി, വാർഡ് മെമ്പർ മാരായ അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, സോണിയ ഹാറൂൺ എന്നിവർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. പീരുമേട് തഹസിൽദാർ ജോജോയുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ മഴക്കെടുതിയുണ്ടായ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. കോരുത്തോട് പഞ്ചായത്തിലെ കുഴിമാവിൽ വൻമരം കടപുഴയ്ക്ക് വീണ് ഗതാഗതം സ്തംഭിച്ചു. കണ്ടങ്കയം ഭാഗത്തെ നിരവധി വീടുകളിലും വെള്ളം കയറി. മണിമലയാർ,പുല്ലകയാർ, പാപ്പാനി, കൊടികുത്തിയാർ എന്നിവ കരകവിഞ്ഞ് ഒഴുകി. മഴ തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |