
കോലഞ്ചേരി: ഓണസദ്യയിൽ അവിയലും എരിശേരിയും പായസവും ഒരുക്കണമെങ്കിൽ ഇത്തവണ വീട്ടമ്മമാരുടെ കൈ പൊള്ളും. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 55 - 60 രൂപയായിരുന്ന തേങ്ങയുടെ ചില്ലറവില കുതിച്ചുയർന്ന് 75 പിന്നിട്ടു. ഇതിന്റെ പ്രതിഫലനമായി വെളിച്ചെണ്ണയുടെ വിലയും കുത്തനെ ഉയർന്ന് ലിറ്ററിന് 260 രൂപയിൽ നിന്ന് 320 രൂപയിലെത്തി.
തമിഴ്നാട്ടിലെ കൊപ്ര വ്യാപാരികൾ നാളികേരത്തിന് ഉയർന്ന വില നൽകിത്തുടങ്ങിയതാണ് കേരള വിപണിയെ ചൂടുപിടിപ്പിച്ചത്. പൊള്ളാച്ചി, ആനമല, അവിനാശി മേഖലകളിൽ നിന്ന് പാലക്കാട് വഴി കേരളത്തിലെത്തുന്ന തേങ്ങയുടെ ലഭ്യത കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. തമിഴ്നാട്ടിൽ വ്യാപാരികൾ കിലോയ്ക്ക് 50 രൂപ നിരക്കിൽ തെങ്ങിൻതോപ്പുകളിൽ നിന്ന് നേരിട്ട് നാളികേരം ശേഖരിക്കുന്നതിനാൽ അതിലും ഉയർന്ന വില നൽകിയാലേ കേരളത്തിലെ വ്യാപാരികൾക്ക് തേങ്ങ ലഭിക്കുന്നുള്ളൂ.
ചില്ലറ വിപണിയിൽ തേങ്ങവില 75 രൂപ കടന്നതോടെ സാധാരണക്കാരാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത്.
രാമായണമാസം ആരംഭിച്ചതോടെ നാളികേരത്തിന്റെ ആവശ്യകത വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ഇനി ഓണക്കാലം കൂടി എത്തുന്നതോടെ ആവശ്യകത വീണ്ടും ഉയരും. അതിനനുസരിച്ച് വില ഇനിയും കൂടാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
ഏപ്രിൽ പകുതിക്ക് ശേഷം നാളികേരത്തിന്റെ മൊത്തവില 50 രൂപ കടന്നിരുന്നില്ല. ഒരു ഘട്ടത്തിൽ കിലോയ്ക്ക് 35 രൂപ വരെ താഴ്ന്നിരുന്നു.
ഓണക്കാലം അടുത്തെത്തുമ്പോൾ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില ഇനിയും ഉയർന്നാൽ കുടുംബ ബഡ്ജറ്റ് താറുമാറുകമെന്ന് ആശങ്കയിലാണ് ഉപഭോക്താക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |