SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

കൂട്ടത്തോടെ യാത്ര മുടങ്ങി; 'ടിക്കറ്റ് ക്യാൻസൽ തട്ടിപ്പ് ' പുറത്തായി !

g

കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

2 വർഷംകൊണ്ട് തട്ടിയത് 37 ലക്ഷം രൂപ

കൊച്ചി: ആവശ്യപ്രകാരം മുൻകൂറായി വിമാനടിക്കറ്റ് എടുക്കും. ശേഷം ക്യാൻസൽ ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റും. യാത്രക്കാർക്ക് വ്യാജ ടിക്കറ്റും വ്യാജ രസീതും നൽകും. ഇങ്ങനെ രണ്ടുവർഷം കൊണ്ട് ട്രാവൽസ് കമ്പനിയിലെ ജീവനക്കാരൻ പോക്കറ്റിലാക്കിയത് 37 ലക്ഷം രൂപ! എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. യാത്രമുടങ്ങിയവർ കമ്പനിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. 46 യാത്രക്കാർ തട്ടിപ്പിന് ഇരയായി. ഉടമയുടെ പരാതിയിൽ ജീവനക്കാരനായ കോഴിക്കോട് സ്വദേശിക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലെന്നാണ് വിവരം.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽസ് കമ്പനിഉടമ ഒക്കൽ സ്വദേശിനിയായ 24കാരിയാണ്. കേരളത്തിൽ വിവിധയിടങ്ങളിൽ ബ്രാഞ്ചുകളുള്ള കമ്പനിയുടെ പെരുമ്പാവൂരിലെ സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല കോഴിക്കോട് സ്വദേശിക്കായിരുന്നു. വിദേശയാത്രയ്ക്കും മറ്റുമായി ടിക്കറ്റ് എടുക്കാൻ എത്തുന്നവരിൽ നിന്ന് പണം വാങ്ങി ടിക്കറ്റ് ബുക്ക് ചെയ്തശേഷം ഇവർക്ക് വ്യാജടിക്കറ്റും രസീതും നൽകി മടക്കുകയായിരുന്നു രീതി. പിടിക്കപ്പെടാത്ത വിധം നടത്തിയിരുന്ന തട്ടിപ്പ് കഴിഞ്ഞദിവസമാണ് പുറത്തായത്.

കമ്പനി ഉടമ നേരിട്ടെത്തി പരാതി നൽകി

ഒരേദിവസം ടിക്കറ്റ് ബുക്ക് ചെയ്ത പലരും നെടുമ്പാശേരിയിൽ എത്തിയെങ്കിലും യാത്ര തുടരാനായില്ല. ഇവർ കമ്പനിയെ നേരിട്ട് ബന്ധപ്പെട്ടതോടെ ഉടമ രഹസ്യമായി അന്വേഷണം നടത്തുകയും ടിക്കറ്റ് ബുക്ക് ചെയ്ത് റദ്ദാക്കുന്ന തട്ടിപ്പ് തിരിച്ചറിയുകയുമായിരുന്നു. രണ്ട് വർഷത്തിനിടെ സമാനമായി പലർക്കും യാത്ര മുടങ്ങിയിരുന്നു. കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ അന്ന് ഇവർക്ക് സ്ഥാപനം സ്വന്തം നിലയിൽ ടിക്കറ്റ് എടുത്തു നൽകി.

ഇതിന് പിന്നിലും ഇതേ തട്ടിപ്പാണെന്നും രണ്ട് വർഷത്തെ ഇടപാടുകളിലായി 37 ലക്ഷം രൂപ നഷ്ടമായിട്ടുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. വിദേശത്തായിരുന്ന ഉടമ നേരിട്ടെത്തിയാണ് പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പെരുമ്പാവൂർ എസ്.എച്ച്.ഒ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി രേഖകളും പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL