
രേഖകളില്ലാത്തതും അജ്ഞതയും പ്രശ്നം
കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ അപകടമരണങ്ങൾ വർദ്ധിക്കുമ്പോഴും നഷ്‌ടപരിഹാരം കുരുക്കിൽ. അവകാശികളുടെ അജ്ഞതയും രേഖകൾ ലഭിക്കാത്തതും തൊഴിലുടമകളുടെ അലസതയും കാരണം തീർപ്പ് നീളുന്നു. തൊഴിലിടങ്ങളിലെ അപകടങ്ങളിൽ മരിക്കുന്നവർക്ക് അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമവും ഇൻഷ്വറൻസും വഴി നഷ്‌ടപരിഹാരത്തിന് അർഹതയുണ്ട്. തൊഴിലുടമയ്‌ക്കും ഉത്തരവാദിത്വമുണ്ട്. മരിച്ചയാളുടെ അവകാശ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകൾ ഹാജരാക്കണം. ഗ്രാമീണരായ തൊഴിലാളികളുടെ കുടുംബാംഗങ്ങളെ കണ്ടെത്താനും എളുപ്പമല്ല. കേരളത്തിലെത്താൻ ഇവർക്ക് കഴിയാറില്ല. അജ്ഞതയും ഭീതിയും മൂലം രേഖകളിൽ ഒപ്പിടാനും മടിക്കുന്നു.
നിസഹായരായി കുടുംബം
ഒഡീഷ ഏകലാപൂരിലെ സുശാന്ത കുമാർ നായിക് മരടിൽ കോൺക്രീറ്റ് സ്ളാബ് വീണാണ് മരിച്ചത്. നഷ്‌ടപരിഹാരം നാലുവർഷം കഴിഞ്ഞിട്ടും ലഭിച്ചില്ല. ഭാര്യ ബേബിനായിക് നാലു മക്കളെ പോറ്റാൻ കൂലിപ്പണിയിലാണ്. എടയാറിലെ ഫാക്ടറിയിൽ ബോയ്‌ലർ പൊട്ടിത്തെറിച്ച് ഒമ്പതുമാസം മുമ്പ് ഒഡീഷ സ്വദേശി ബിക്രം പ്രധാൻ മരിച്ചു. മൂന്നുവർഷത്തെ വേതനവും നഷ്‌ടപരിഹാരവും നൽകാമെന്ന് ഉടമ സമ്മതിച്ചെങ്കിലും രേഖകൾ പൂർണമല്ല. പിറവം പേപ്പതിയിൽ 2024 മാർച്ച് 6ന് മണ്ണിടിഞ്ഞ് മരിച്ച പശ്ചിമബംഗാൾ സ്വദേശികളായ സുകുമാർ ഘോഷ്, ഗൗർ മണ്ഡൽ, സുബ്രത കീർത്തനിയ എന്നിവരുടെ കാര്യത്തിലും രേഖകളില്ല. കളമശേരിയിൽ മണ്ണിടിഞ്ഞ് മരിച്ച നാലുപേരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം വീതം അനുവദിച്ചത് നാലുവർഷം കഴിഞ്ഞാണ്.
മാതൃകയായി
പി.ബി. സലിം
അപകട മരണത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പശ്ചിമബംഗാളിലെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പി.ബി. സലിമിന്റെ ഇടപെടൽ സഹായകമായി. ജന്മനാട്ടിൽ നിന്ന് രേഖകൾ ശേഖരിച്ച് നടപടികൾ വേഗത്തിലാക്കാൻ മലയാളിയായ അദ്ദേഹം ചെയ്ത സേവനം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി.
നഷ്‌ടപരിഹാരം ഉൾപ്പെടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ നോഡൽ ഓഫീസർമാരെ നിയമിച്ചാൽ വേഗത്തിൽ തീർപ്പാക്കാനാവും.
പി.എ. സാദിക് അലി,
മാനവ് മൈഗ്രന്റ്
വെൽഫെയർ ഫൗണ്ടേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |