SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.17 AM IST

പിടിച്ചാൽ കിട്ടാതെ രാസവള വില; പിടിച്ചുനിൽക്കാനാകാതെ കർഷകർ

fertilizer

കണ്ണൂർ: മൂന്നുവർഷത്തിനിടയിൽ രണ്ടിരട്ടിയോളം വർദ്ധിച്ച രാസവളവില കാർഷികമേഖലയെ പിറകോട്ടടിപ്പിക്കുന്നു.
സബ്‌സിഡി വെട്ടികുറച്ച കേന്ദ്ര നടപടിയാണ് രാസവളവില വർദ്ധിപ്പിച്ചത്. രാസവളങ്ങളിൽ ഏറ്റവും ഡിമാൻഡുള്ള പൊട്ടാഷിന്റെ അൻപത് കിലോ പാക്കറ്റിന് മൂന്ന് മാസത്തിനിടെ ആയിരത്തിൽ നിന്ന് 1,600 രൂപയായാണ് വർദ്ധിപ്പിച്ചത്. മിക്ക കോംപ്ലക്‌സ് വളങ്ങൾക്കും പൊട്ടാഷ് വേണമെന്നതിനാൽ വില വർദ്ധനവ് ഇവയേയും ബാധിച്ചു.

എൻ.പി.കെ (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം) കോംപ്ലക്‌സ് വളങ്ങൾക്ക് ഇത്തരത്തിൽ വില കൂടിയിട്ടുണ്ട്. നെൽകൃഷിയിൽ ഒഴിവാക്കാൻ കഴിയാത്ത ഡൈ അമോണിയം ഫോസ് ഫേറ്റിന്റെ വിലയും വർദ്ധിച്ചു. അൻപത് കിലോയ്ക്ക് 1,140 ഉണ്ടായിരുന്നത് 1,300 രൂപയായാണ് വർദ്ധിച്ചത്. വളപ്രയോഗം നടത്തേണ്ട സമയത്ത് വില കൂടുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില, കയറ്റിറക്ക്, ചരക്കുകൂലി എന്നിവയിലെ വർദ്ധനവാണ് രാസവളവില വർദ്ധനവിന് പിന്നിലെന്നാണ് കമ്പനികളുടെ വിശദീകരണം. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഫലമായി അസംസ്‌കൃതവസ്തുക്കൾക്ക് ക്ഷാമം നേരിട്ടത് വലിയരീതിയിൽ ബാധിച്ചെന്നും ഇവർ വിശദീകരിക്കുന്നു.

തിരിച്ചടിയായി ന്യൂട്രിയന്റ് സബ്‌സിഡി പോളിസി

കേന്ദ്ര-സർക്കാരിന്റെ ന്യൂട്രിയന്റ് സബ്‌സിഡി പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്‌സിഡിയും നിശ്ചയിക്കുന്നത്.യൂറിയയെ മാത്രം വില നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവയുടെ സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾ നിയന്ത്രണമില്ലാത്തവയുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്‌തോടെയാണ് യൂറിയ ഒഴികെയുള്ളവയുടെ വില കൂടിയതെന്ന് വ്യാപാരികൾ പറഞ്ഞു.

കേന്ദ്ര -സർക്കാ‌‌ർ 2023-24 സാമ്പത്തിക വർഷം ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾക്ക് ന്യൂട്രിയന്റ് സബ്‌സിഡിയായി 65,199.586 കോടി രൂപ നൽകിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 52,310 കോടിയായി കുറച്ചു. ഇത്തവണ ഇത് 49000 കോടിയാക്കി വീണ്ടും കുറച്ചു. ആനുപാതിക സബ്‌സിഡി കേന്ദ്രസർക്കാർ നൽകാതായതോടെ ഡൈ അമോണിയം ഫോസ്ഫേസ്റ്റ്, സിങ്കിൾ സൂപ്പർ ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, 10:26:26 എൻ.പി.കെ കോംപ്ലക്‌സ് വളം, രാജ്‌ഫോസ്, ഫാക്ടംഫോസ്, 16:16:16 എൻ.പി.കെ മിശ്രിതം എന്നിവയുടെയെല്ലാം വിലയിൽ വർദ്ധനയുണ്ടായി.

കാർഷിക വിളകളുടെ വിലക്കുറവിലും കടബാദ്ധ്യതകളിലുംപെട്ട് രാജ്യവ്യാപകമായി കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ രാസവളങ്ങൾക്ക് വില വർദ്ധിപ്പിച്ചത് ക്രൂരമായ നടപടിയാണ്. കേന്ദ്രം ഈ നടപടി പിൻവലിക്കണം. കഴിഞ്ഞ നാലര വർഷത്തിനിടയിൽ മഹാരാഷ്ട്രയിൽ മാത്രം 11500 കർഷകരാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ കൃഷിക്കാരെ ഇല്ലായ്മ ചെയ്ത് കൃഷി മൊത്തമായി കുത്തകകളെ ഏൽപ്പിക്കാനുള്ള നിഗൂഡ നീക്കമാണ് ഇതിന് പിന്നിൽ.

ജോസ് ചെമ്പേരി
കേരള കോൺഗ്രസ്(എം) രാഷ്ട്രീയ കാര്യസമിതി അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL