
പേരാവൂർ : തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിന്റെ വികസന സാദ്ധ്യത സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി കായിക വകുപ്പിന് കീഴിലെ എൻജിനിയർമാരും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം എത്തി. സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വിപുലീകരണം സംബന്ധിച്ച് പഠിക്കാൻ
സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയതായി സണ്ണി ജോസഫ് എം.എൽ.എയുടെ സബ്മിഷന് മറുപടിയായി മന്ത്രി ഒ.ആർ.കേളു നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണിത്.
രണ്ടാം ഘട്ട പ്രോജക്ടിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ബാസ്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ നിർമ്മിക്കാനാണ് നിർദ്ദേശം. ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു.
സ്പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനിയറിംഗ് വിഭാഗം ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർ വി.ജെ. വിജയരാജ്, സിവിൽ അസിസ്റ്റന്റ് എൻജിനീയർ ശ്രീനിധി, പവി ശങ്കർ എന്നിവർ ഉൾപ്പെട്ട സംഘമാണ് സ്റ്റേഡിയം സന്ദർശിച്ചത്. എം.എൽ.എ സണ്ണി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വർഗ്ഗീസ്, സ്റ്റാൻലി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ഗ്രാമ പഞ്ചായത്ത് അംഗമായ കെ.വി.ബാബു,ഫാ.ഷാജി തെക്കേ മുറി, രാജു ജോസഫ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
അവലോകനയോഗം ചേർന്നു
ജിമ്മി ജോർജ് സ്റ്റേഡിയം രണ്ടാം ഘട്ട നിർമ്മാണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി അവലോകന യോഗം ചേർന്നു.തൊണ്ടിയിൽ നടന്ന യോഗത്തിൽ ആർച്ച് പ്രീസ്റ്റ് ഫാ.ഷാജി തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു.സ്റ്റേഡിയത്തിന്റെ ത്രീ ഡി ചിത്രങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിച്ചായിരുന്നു യോഗം. സ്പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനിയർമാരായ വി.ജെ.വിജയരാജ്, ശ്രീനിധി, പവി ശങ്കർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി.ബാബു, രാജു ജോസഫ്, ഒ.മാത്യു, സ്റ്റാൻലി ജോർജ്, സെബാസ്റ്റ്യൻ ജോർജ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |