കണ്ണൂർ:പ്രവർത്തകരുടെ വികാരം മാനിക്കാതെ സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയാൽ യൂത്ത് കോൺഗ്രസ് പിന്തുണക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ.തളിപ്പറമ്പ്, പയ്യന്നൂർ,തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിൽ സി പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കാൻ നീക്കം നടക്കുന്നുണ്ടെന്ന പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ പ്രതികരണം.
രണ്ടു മണ്ഡലങ്ങളിലും യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ട്. കൈ ചിഹ്നത്തിൽ മത്സരിച്ചാൽ ഈ മണ്ഡലങ്ങളിൽ ജയിച്ചു കയറാവുന്ന സാഹചര്യമാണുള്ളത്. പ്രത്യേകിച്ച് തളിപ്പറമ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു കഴിഞ്ഞാൽ എം.എൽ.എ ആക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആ ഘട്ടത്തിൽ വിമതനായി വന്ന ആളെ പിന്തുണക്കുന്ന നിലപാടിലേക്ക് പാർട്ടി പോവരുതെന്നും വിജിൽ മോഹനൻ പറഞ്ഞു.. ഇത്തരം ഒരു തീരുമാനത്തെ കോൺഗ്രസ് പിന്തുണക്കുകയോ അംഗീകരിക്കുകയോ ചെയ്യരുതെന്ന നിലപാടാണ് യൂത്ത് കോൺഗ്രസിനുള്ളത്. ഇക്കാര്യമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയും ഡി.സി.സി പ്രസിഡന്റിനോട് നേരിട്ടും പറഞ്ഞത്. ഇക്കാര്യം കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിനെയും ധരിപ്പിച്ചിട്ടുണ്ടെന്നും വിജിൽ മോഹനൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷം ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചമർത്താൻ നോക്കിയ നേതാക്കൻമാരെ ഒരു സുപ്രഭാതത്തിൽ പിന്തുണക്കുക എന്നത് യൂത്ത് കോൺഗ്രസിനെ സംബന്ധിച്ച് പ്രയോഗികമായ കാര്യമല്ല. ഇത് യൂത്ത് കോൺഗ്രസിന്റെ അടിത്തട്ടിലുള്ള പ്രവർത്തകരുടെയും നിലപാടാണ്. ഇത്തരം ഒരു തീരുമാനത്തിൽ നിന്ന് നേതൃത്വം പുറകോട്ട് പോവുമെന്ന പ്രതീക്ഷയുണ്ട്. അല്ലാത്ത പക്ഷം യൂത്ത് കോൺഗ്രസ് പിന്തുണ ഇത്തരം സ്ഥാനാർത്ഥികൾക്കുണ്ടാവില്ല- വിജിൽ മോഹനൻ (യൂത്ത് കോൺഗ്രസ് ,കണ്ണൂർ ജില്ലാപ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |