SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.03 PM IST

സ്ഥാനാർത്ഥികൾക്കു വേണം ആലക്കോട് കൊട്ടാരത്തിന്റെ അനുഗ്രഹം

Increase Font Size Decrease Font Size Print Page
alakode
ആലക്കോട് കൊട്ടാരം

ആലക്കോട്: തിരഞ്ഞെടുപ്പടുത്താൽ അനുഗ്രഹം തേടി സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പ്രവാഹമാണ് കണ്ണൂർ ജില്ലയിലെ മലയോര സിരാകേന്ദ്രമായ ആലക്കോട് ടൗണിനോടു ചേർന്നുള്ള 'ആലക്കോട്‌കൊട്ടാര' ത്തിലേക്ക്. ആലക്കോടിന്റെ ശില്പിയെന്നും, കുടിയേറ്റക്കാരുടെ തമ്പുരാൻ എന്നുമറിയപ്പെടുന്ന പി.ആർ. രാമവർമ്മരാജ താമസിച്ചിരുന്ന ഭവനമാണ് ആലക്കോട് കൊട്ടാരം.

2001ൽ അദ്ദേഹം മരിക്കുന്നതുവരെയുള്ള കാലത്ത് രാഷ്ട്രീയ, മത ഭേദമില്ലാതെ സ്ഥാനാർഥികൾ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയെത്തുമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ഇവിടെ താമസിക്കുന്ന മകൾ കുമാരി വർമ്മയെകണ്ട് അനുഗ്രഹം തേടുന്ന പതിവ് തുടർന്നു വരികയാണ്. നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഇടത്, വലത്, എൻ.ഡി.എ സ്ഥാനാർത്ഥികൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെയെത്തിയിരുന്നു.

ആലക്കോട് രാജയെന്നറിയപ്പെടുന്ന പി.ആർ രാമവർമ്മ രാജ പൂഞ്ഞാർ രാജകുടുംബമായിരുന്നു. പൂഞ്ഞാറിൽ നിന്നും ആലക്കോടെത്തിയ അദ്ദേഹം ഇന്നത്തെ ആലക്കോട് ടൗണിൽ ഒരു ഭവനം പണിതു. രാജവംശത്തിലെ വ്യക്തിയായ പി.ആർ രാമവർമ്മ രാജ താമസിച്ചിരുന്നതിനാൽ നാട്ടുകാർ കൊട്ടാരം എന്നു വിളിച്ചു. അദ്ദേഹത്തിന്റെ കാലശേഷം ഏക മകളായ കുമാരി വർമ്മയും അവരുടെ മക്കളായ അജിത് രാമവർമ്മയും ഡോ. ശൈലജ വർമ്മയുമാണ് ഇവിടെ താമസിച്ചു വരുന്നത്.

തിരഞ്ഞെടുപ്പു കാലത്ത് കണ്ണൂർ പാർലമെന്റ്, ഇരിക്കൂർ നിയമസഭ, ആലക്കോട് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ കൂട്ടത്തോടെ കൊട്ടാരത്തിലെത്തും. യു.ഡി.എഫിലെ സജീവ് ജോസഫ്, എൽ.ഡി.എഫിലെ മാത്യു കുന്നപ്പള്ളി, എൻ.ഡി.എയിലെ ശ്രീനാഥ് പദ്മനാഭൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തിയിരുന്നു.
പി.ആർ രാമവർമ്മയുടെ കാലത്ത് കേരളത്തിലെ പ്രധാന രാഷ്ട്രീയ സാമൂഹിക സാഹിത്യ നായകരെല്ലാം ഇവിടുത്തെ സന്ദർശകരായിരുന്നു. എ.കെ.ജി, മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, എ.കെ.ആന്റണി, ഉമ്മൻചാണ്ടി എന്നിവരും മറ്റനേകം പ്രശസ്തരും സന്ദർശകരായി എത്താറുണ്ടയിരുന്നു. ആ പതിവ് ഏറിയും കുറഞ്ഞും ഇന്നും തുടരുന്നു.

കുടിയേറ്റത്തിന്റെ പിതാവ്

1940കളിൽ മലബാറിലേക്കുള്ള കുടിയേറ്റത്തിനു നേതൃത്വപരമായും മാർഗ്ഗദർശിയെന്ന നിലയിലും പി.ആർ രാമവർമ്മ രാജ വഹിച്ച പങ്ക് വലുതാണ്. കർണ്ണാടക വനാതിർത്തിയോടു ചേർന്നു കിടക്കുന്ന ഇന്നത്തെ ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവിൽ പഞ്ചായത്തു പ്രദേശങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന 36,000 ഏക്കർ ഭൂമി, വില കൊടുത്തു വാങ്ങി കാട് വെട്ടിത്തെളിച്ച് കൃഷിയറിക്കുകയും, റോഡുകളും പാലങ്ങളും മറ്റു സ്ഥാപനങ്ങളും നിർമ്മിച്ച് മലബാറിലേക്കുള്ള കുടിയേറ്റത്തിനു നേതൃത്വം നൽകുകയും ചെയ്തത് അദ്ദേഹമാണ്.

TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.