
പിണറായി :പത്തു വർഷം സംസ്ഥാനഭരണത്തിന് നേതൃത്വം നൽകിയ പിണറായി വിജയന് സാംസ്‌കാരിക സാംസ്കാരിക കേരളത്തിന്റെ ആദരം. സ്വരലയയുടെ നേതൃത്വത്തിൽ മമ്പറത്ത് സംഘടിപ്പിച്ച നവകേരളം വിജയഗാഥ കലാ-സംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രതിഭകൾ അണിനിരന്ന മഹാസമ്മേളനമായി മാറി. മുഖ്യമന്ത്രിക്ക് സാംസ്‌കാരിക പ്രവർത്തകർ ചേർന്ന് പള്ളിയോടത്തിന്റെ മാതൃക സമ്മാനിച്ചു.
മമ്പറത്ത് സംഘടിപ്പിച്ച വിജയഗാഥ തെന്നിന്ത്യൻ താരം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. ഉണ്ണികാനായി നിർമ്മിച്ച വിജയഗാഥ ശില്പം വേദിയിൽ പ്രകാശ് രാജ് തന്നെയാണ് അനാച്ഛാദനം ചെയ്തത്.
വോട്ട് ധർമ്മടം മണ്ഡലത്തിലായിരുന്നെങ്കിൽ തീർച്ചയായും പിണറായി വിജയന് ചെയ്യുമെന്ന് മലയാള ചെറുകഥയുടെ അമരക്കാരൻ ടി.പത്മനാഭൻ പറഞ്ഞു. ഉലകനായകൻ കമലഹാസൻ ഓൺലൈനായി പിണറായിക്ക് ആശംസകൾ നേർന്നു. രാഷ്ട്രീയം തൊഴിലല്ല ജനസേവനമാണ് എന്ന് കരുതുന്ന നേതാവാണ് പിണറായി വിജയനെന്നായിരുന്നു കമലഹാസൻ വിശേഷിപ്പിച്ചത്. എഴുത്തുകാരൻ ബെന്യാമിൻ, കവി മുരുകൻ കാട്ടാക്കട, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, നിലമ്പൂർ ആയിഷ, മധുപാൽ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സ്വന്തം അമ്മയുടെ വിയോഗ ദുഃഖത്തിലും പരിപാടിക്ക് എത്തിയ പ്രകാശ് രാജിന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ നന്ദി പറഞ്ഞു. ഷോ ഡയറക്ടർ ചലച്ചിത്രകാരൻ ടി.കെ.രാജീവ്കുമാർ സ്വാഗതം പറഞ്ഞു.
മുഖ്യമന്ത്രി കുടുംബസമേതമാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.
വിജയഗാഥയിൽ അണിചേർന്ന് കലാകേരളം
പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിയും സംഘവും തായമ്പകയോടെയാണ് നവകേരളം വിജയഗാഥക്ക് തുടക്കമായി. മുരുകൻ കാട്ടാക്കട കനലെരിയും സമരപഥങ്ങൾ, രക്തസാക്ഷി എന്നീ കവിതകൾ ചൊല്ലി . തുടർന്ന് ചലച്ചിത്ര-നാടക, നൃത്ത, സംഗീത, കളരി മേഖലകളിലെ പ്രതിഭകൾ ഒന്നിച്ച ദൃശ്യാവതരണം തുടരണമി വിജയഗാഥ വേദിയിൽ അരങ്ങേറി. നാടക പ്രയോക്താവും ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂരിന്റെ ആശയവും ആവിഷ്‌കാരവും മുൻ നിർത്തിയുള്ള ദൃശ്യാവതരണത്തിൽ നിലമ്പൂർ ആയിഷ, അപ്പാനി ശരത്ത്, സിതാര ബാലകൃഷ്ണൻ, മധുപാൽ, സന്തോഷ് കീഴാറ്റൂർ, ഇർഷാദ്, പി.പി.കുഞ്ഞികൃഷ്ണൻ, പ്രൊഫ.അലിയാർ, ഗിരിജാ സുരേന്ദ്രൻ, ഭാഗ്യലക്ഷ്മി, സ്റ്റീനാ രാജ്, ഗുരു പ്രസാദ്, ഗായത്രി വർഷ, അജിൻ, ഫിദ, ആദിത്യ തുടങ്ങി അറുപത്തഞ്ചോളം അഭിനേതാക്കൾ വേദിയിലെത്തി.
നാടകഗാനങ്ങളിലൂടെ പഴയതും പുതിയതുമായ കേരളത്തെ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും നടന്നു. കാഥികൻ വസന്തകുമാർ സാംബശിവനായിരുന്നു അവതാരകൻ. ഔസേപ്പച്ചൻ, രമേഷ് നാരായണൻ, വി.ടി. മുരളി, സുധീപ്കുമാർ, അഫ്സൽ, മധുശ്രീ, ആര്യ ദയാൽ, മൃദുല വാര്യർ, റാനിയ റഫീഖ് എന്നിവർ ഗാനം ആലപിച്ചു. നടിയും നർത്തകിയുമായ റീമ കല്ലിങ്കലും സംഘവും ഋതു എന്ന നൃത്താവിഷ്‌കരണവും
അവതരിപ്പിച്ചു.സദസിനെ ആവേശത്തിലാറാടിച്ച് വേടന്റെ റാപ്പും വേദിയെ ഇളക്കി മറിച്ചു. അഞ്ചുമണിക്കൂർ നീളുന്ന സാംസ്‌കാരിക സംഗമത്തിന്റെ ഷോ ഡയറക്ടർ ചലച്ചിത്രകാരൻ ടി.കെ.രാജീവ്കുമാറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |