
കാസർകോട്: കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കോർണർ. രാവിലെ ഒമ്പതരയാകുമ്പോഴേക്കും തൊഴിലാളികളും ഡ്രൈവർമാരും സ്ത്രീകളുമടങ്ങുന്ന ബി.ജെ.പി പ്രവർത്തകർ അടക്കം നല്ലൊരു ജനക്കൂട്ടം.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയുടെ പതിവ് തമാശയും പരിഹാസവും കലർത്തി പിണറായി വിജയനെയും വി.ഡി.സതീശനെയും പരാമർശിക്കുമ്പോൾ പ്രവർത്തകരുടെ കയ്യടി.
അബ്ദുള്ളക്കുട്ടി കത്തിക്കയറുമ്പോഴാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എം. എൽ.അശ്വിനി ഇറങ്ങിയത്. നിറപുഞ്ചിരിയും കൂപ്പുകൈകളുമായാണ് സ്ഥാനാർത്ഥിയുടെ വരവ്. ഹർഷാരവം മുഴക്കിയും ജയ് വിളിച്ചും ഷാളുകൾ അണിയിച്ചുമായിരുന്നു വരവേൽപ്പ്. വേദിയിലേക്ക് കയറിയ അശ്വിനിയെ പ്രസംഗം നിർത്തി ഷാൾ അണിയിച്ച് അബ്ദുള്ളക്കുട്ടി സ്വീകരിച്ചു.എം.എൽ.അശ്വിനി നാളെ എം.എൽ.എ അശ്വിനിയായി വരുമെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ആശീർവാദം.
ഇടതു,വലതു മുന്നണികളെ മൂർച്ചയോടെ വിമർശിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ ചെറു പ്രസംഗം. കന്നടയിലും മലയാളത്തിലുമായി മണ്ഡലത്തിലെ ഗതാഗത പ്രശ്നവും കുടിവെള്ള ക്ഷാമവും വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവവുമൊക്കെ എടുത്തുപറഞ്ഞു. താൻ ജയിച്ചാൽ നമ്മുടെ മക്കൾ പഠനത്തിന് ശേഷം അന്യനാടുകളിലേക്ക് പോകേണ്ടിവരുന്ന ദുരിതം ഇല്ലാതാക്കുമെന്നായിരുന്നു സ്ഥാനാർത്ഥിയുടെ ഗ്യാരന്റി.
മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭുവായിരുന്നു യോഗാദ്ധ്യക്ഷൻ. ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.സുനിൽ, സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചർ, ജില്ലാ സെക്രട്ടറി പുഷ്പ ഗോപാലൻ, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.ഡി.മുരളികുമാർ, അഷറഫ് , രജനീ ദേവി എന്നിവരും വേദിയിലുണ്ടായിരുന്നു.
പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെ തുറന്ന് വാഹനത്തിൽ കയറി അശ്വിനിയും അബ്ദുള്ളക്കുട്ടിയും നേതാക്കളും നഗരത്തിൽ റോഡ് ഷോ നടത്തിയും വോട്ട് അഭ്യർത്ഥിച്ചു. അണങ്കൂരും ബി.സി റോഡിലും സ്ഥാനാർത്ഥിയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കോടികൾ ചിലവഴിച്ച് നടത്തിയ വികസനവും പുതിയ യാത്രാവണ്ടികൾ അനുവദിച്ചതും ദേശീയപാത വികസനവും മറ്റുമായിരുന്നു പ്രസംഗ വിഷയം.
സ്വീകരണ കേന്ദ്രങ്ങളിലെ ആളുകളുടെ സാന്നിദ്ധ്യം അശ്വിനിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. കൊല്ലങ്കാന, മധൂർ, ചൗക്കി, പെരിയടുക്ക, പെർണ്ണടുക്ക എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉളിയത്തടുക്കയിലാണ് അശ്വനിയുടെ പര്യടനം സമാപിച്ചത് .സമാപനപൊതുസമ്മേളനത്തിലും നല്ല ആൾക്കൂട്ടമാണുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |