
ധർമ്മടം: തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കെ സ്വന്തം മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചാരണത്തിനിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡലത്തിലെ ഓരോ പാർട്ടി ലോക്കൽ കമ്മിറ്റിക്കു കീഴിലും വോട്ടഭ്യർത്ഥനയുമായാണ് മുഖ്യമന്ത്രി എത്തുന്നത്.
മുൻനിശ്ചയ പ്രകാരം ഇന്നലെ രാവിലെ പത്തിന് തന്നെ മുഖ്യമന്ത്രി മുഴപ്പിലങ്ങാട് കുളം ബസാറിലെത്തി. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ആവേശത്തിലായിരുന്നു സ്വീകരിച്ചത്. സ്വാഗതപ്രസംഗം നടക്കുന്നതിനിടെ കുട്ടികളുമായി കുശലം പറഞ്ഞും സെൽഫി എടുക്കാൻ നിന്നുകൊടുത്തും പ്രവർത്തകരോട് സ്‌നേഹപൂർവം പ്രതികരിക്കുകയും ചെയ്ത പിണറായിയുടെ മുഖത്ത് പതിവ് ഗൗരവമേയുണ്ടായിരുന്നില്ല.
ലാളിത്യം പ്രസംഗത്തിലും
കഴിഞ്ഞ പത്തു വർഷത്തെ ഭരണ നേട്ടങ്ങൾ ചുരുക്കി അവതരിപ്പിച്ച മുഖ്യമന്ത്രി നുണകൾ അതിവേഗം പ്രചരിക്കുന്ന ഈ കാലത്ത് ഓരോ പൗരനും സത്യത്തിന്റെ വക്താക്കളാകണമെന്ന് ആഹ്വാനം ചെയ്തു. ഒത്തുകൂടിയവരോടും അവരുടെ ബന്ധുജനങ്ങളോടും വോട്ടഭ്യർത്ഥിച്ച് യോഗം അവസാനിപ്പിച്ചു. അതെസമയം എതിർ സ്ഥാനാർഥിയുടെ പ്രചാരണ മുന്നേറ്റമാണ് മുഖ്യമന്ത്രിയെ നേരിട്ട് രംഗത്തിറക്കിയതെന്നാണ് യു.ഡി.എഫ് വാദം. കഴിഞ്ഞ തവണത്തെ 50,123 വോട്ടുകളുടെ ഭൂരിപക്ഷം ആവർത്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പണമൊഴുകുന്നുവെന്ന് ബി.ജെ.പി
തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച് തുകയുടെ പതിന്മടങ്ങ് ഉപയോഗിച്ചാണ് ധർമ്മടം മണ്ഡലത്തിലെ ഇടതു പ്രചരണമെന്ന് എൻ.ഡി.എ. സ്ഥാനാർത്ഥി കെ. രഞ്ജിത്ത് ആരോപിച്ചു. ഹോർഡിംഗുകൾ, വേടൻ അടക്കം പങ്കെടുത്തുള്ള വൻ പരിപാടികൾ സംബന്ധിച്ചുള്ള കണക്കുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് രഞ്ജിത് പറഞ്ഞു. മണ്ഡലത്തിൽ യു.ഡി.എഫ്,എൽ.ഡി.എഫ്. ഡീലുണ്ടെന്നും പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വോട്ടു നൽകി പകരം കോൺഗ്രസ് വോട്ടുകൾ പിണറായിക്ക് നൽകി ലീഡുയർത്തലാണ് ലക്ഷ്യമെന്നും രഞ്ജിത്ത് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |