
മയ്യിലിൽ സി.പി.എം പ്രവർത്തകന് കുത്തേറ്റു
പുഞ്ചക്കാട് യു.ഡി.എഫ് പ്രവർത്തകന് മർദ്ദനം
മലപ്പട്ടത്തും കാനായിയിലും യു.ഡി.എഫ് ബൂത്ത് ഏജന്റുമാർക്ക് നേരെ അക്രമം
കണ്ണൂർ:വോട്ടെടുപ്പ് ദിനത്തിൽ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അക്രമം. മയ്യിലിൽ സി.പി.എം പ്രവർത്തകൻ മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി പി പ്രകാശനാണ് കുത്തേറ്റു. ഇന്നലെ രാത്രി 8 മണിക്കാണ് സംഭവം. കോൺഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പരിക്കേറ്റ പ്രകാശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലയിലെ വിവിധ ഇടങ്ങളിൽ യു.ഡി.എഫ് , എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. അക്രമസാദ്ധ്യത കണക്കിലെടുത്ത് തളിപ്പറമ്പ് , പയ്യന്നൂർ മണ്ഡലങ്ങളിൽ വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. പയ്യന്നൂർ മണ്ഡലത്തിലെ പുഞ്ചക്കാട് ബസ് സ്റ്റോപ്പിൽ കോൺഗ്രസ് പ്രവർത്തകനായ അഭിജിത്തിനെ ബൈക്കിൽ എത്തിയ പത്തോളം പേർ ക്രൂരമായ ആക്രമിച്ചു.അഭിജിത്തിനെ പ്രിയദർശിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
തളിപറമ്പ് മണ്ഡലത്തിലെ മലപ്പട്ടം 230-ബൂത്തിലെ യു ഡി എഫ് ബൂത്ത് ഏജന്റ് എം.പി.രാജേഷിനെ സി.പി.എം സംഘം ചേർന്ന് മർദിച്ചതായി യുഡിഎഫ് ആരോപിച്ചു.രാജേഷിനെ തളിപ്പറമ്പ ലൂർദ്ദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂർ മണ്ഡലത്തിലെ കാനായി 61 ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി മെമ്പർ സുരേഷ് കാനായിയെ അറുപതോളം വരുന്ന സി.പി.എം പ്രവർത്തകർ ആക്രമിച്ചതായും പരാതി ഉയർന്നു.സുരേഷ് കനായിയെ പ്രിയദർശിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണൻ സന്ദർശിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയരാജ്, എം.കെ.രാജൻ, ആകാശ് ഭാസ്കർ, അർജുൻ കോറോം തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
പയ്യന്നൂർ മണ്ഡലത്തിലെ 61-ാം ബൂത്തായ കാനായി നോർത്ത് യു.പി. സ്കൂളിൽ എൽ.ഡി.എഫ്. പ്രവർത്തകരെ യു.ഡി.എഫ്. ബൂത്ത് ഏജന്റ് മർദ്ദിച്ചതായി എൽ.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. ഒമ്പതാം വാർഡായ കാനായി നോർത്തിലെ നഗരസഭാംഗം എസ്.വി.രമേശൻ (55), ദേശാഭിമാനി ഫോട്ടോഗ്രാഫർ കാനായിയിലെ കെ സുമേഷ് (43) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
തലശ്ശേരി ഒളവിലത്ത് തിരുമംഗലം എൽ പി സ്‌കൂളിൽ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യു.ഡി.എഫ് പ്രവർത്തകൻ സി.വി.സബാദിനെ കാറിന്റെ മുന്നിൽ ബൈക്കിട്ടു തടഞ്ഞുനിർത്തി സി.പി.എം പ്രവർത്തകൻ ഒളവിലം മത്തിപ്പറമ്പിലെ രാഹുൽ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയുണ്ട്. സബാദി നെ തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
മട്ടന്നൂർ നിയോജകമണ്ഡലത്തിൽ മാലൂരിലെ ബി.ജെ.പി ബൂത്ത് ഏജന്റ് മിഥുനെ വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ സി.പി.എം പ്രവർത്തകർ ഓടു കൊണ്ടെറിഞ്ഞ് പരിക്കേൽപ്പിച്ചതായും പരാതി.ചുമലെല്ല് പൊട്ടിയ മിഥുനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ധർമ്മടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തടഞ്ഞു
തലശേരി: മുഴപ്പിലങ്ങാട് ഭാഗത്തെ ബൂത്തുകൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ ധർമടം യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി അബ്ദുൽറഷീദിനെ സി.പി.എം പ്രവർത്തകർ വഴിതടഞ്ഞ് അസഭ്യം വിളിച്ചതായി പരാതി. ഒരു സംഘം പ്രവർത്തകർ വഴിതടയുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന് എടക്കാട് പൊലീസിൽ അബ്ദുൾറഷീദ് നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ രാവിലെ 11.45ഓടെ മുഴപ്പിലങ്ങാട്ടെ ബൂത്തുകളിൽ സന്ദർശനം നടത്തി മടങ്ങുമ്പോഴാണ് സംഭവം.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ടി.കെ.ഗോവിന്ദനെ കൂക്കിവിളിച്ച് എൽ.ഡി.എഫ് പ്രവർത്തകർ
കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ.ഗോവിന്ദനെ സി.പി.എം പ്രവർത്തകർ കൂക്കിവിളിച്ചതായും പരാതി. മലപ്പട്ടം ബൂത്തിലെത്തിയപ്പോഴാണ് ഒരു സംഘം പ്രവർത്തകർ കൂകി വിളിച്ചത്.ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൂകി വിളിക്കുന്നവരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ടി.കെ. ഗോവിന്ദൻ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് ഗോവിന്ദന് സുരക്ഷയൊരുക്കുകയും ചെയ്തു. ഭാര്യ കെ.പി.രമണിയോടൊപ്പമാണ് ടി.കെ.ഗോവിന്ദൻ മലപ്പട്ടത്തെ ബൂത്തിലെത്തിയത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |