
കണ്ണൂർ:ജവഹർ സ്റ്റേഡിയത്തോടുള്ള കോർപറേഷന്റെ സമീപനത്തിൽ കേരള ഫുട്ബാൾ അസോസിയേഷന് നീരസം.കണ്ണൂരിൽ നടന്ന സൂപ്പർ ലീഗ് മത്സരങ്ങൾക്ക് ശേഷം ഫ്ളഡ് ലൈറ്റുകൾ സ്ഥിരമായി നൽകാമെന്ന തങ്ങളുടെ വാഗ്ദാനം നിറവേറ്റുന്നതിൽ കോർപറേഷന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാവാത്തതാണ് കെ.എഫ്.എ പ്രസിഡന്റിന്റെ വിമർശനത്തിനിടയാക്കിയത്.
ജവഹർ സ്റ്റേഡിയത്തിൽ ലൈറ്റ് സ്ഥിരമായി സ്ഥാപിക്കുന്നതിനുള്ള ലൈറ്റ് പോളുകൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയാണെങ്കിൽ സൂപ്പർ ലീഗ് കേരളയുടെ കൈവശമുള്ള ഒന്നര കോടി രൂപയുടെ ഫ്ളഡ് ലൈറ്റുകൾ കോർപ്പറേഷന് സൗജന്യമായി നൽകാമെന്ന് കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടിയില്ലാത്തതിലെ നീരസം കെ.എഫ്.എ പ്രസിഡന്റ് മേയർ അഡ്വ.പി.ഇന്ദിരയെ അറിയിച്ചു.
എന്നാൽ കണ്ണൂരിലെ ഫുട്‌ബാൾ ആരാധകരുടെ ആവേശം മുൻനിർത്തി ജവഹർ സ്റ്റേഡിയത്തെ ഉന്നത നിലവാരമുള്ള സ്റ്റേഡിയം ആക്കുന്നതിനുള്ള നടപടികൾ കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കണ്ണൂർ സിനിയർ ഡിവിഷൻ ഫുട്‌ബോൾ ഗ്രാൻഡ് ലോഞ്ചിംഗ് ഉദ്ഘാടനപ്രസംഗത്തിൽ മേയർ ഉറപ്പ് നൽകിയിട്ടുണ്ട്.
കണ്ണൂർ സൂപ്പർ ഡിവിഷൻ ലീഗിന് 25ന് തുടക്കം
കണ്ണൂർ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ സൂപ്പർ ഡിവിഷൻ ലീഗ് ഫുട്‌ബോളിന് ഏപ്രിൽ 25 ന് തുടക്കമാവും. വിജയിക്ക് കേരള പ്രീമിയർ ലീഗ് രണ്ടാം ഡിവിഷന്റെ യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കഴിഞ്ഞ സീസണിലെ ജേതാക്കളായ കണ്ണൂർ യണൈറ്റഡ് എഫ്.സി ആദ്യ മത്സരത്തിൽ സ്‌പോർട്സ് ഡവലപ്പ്‌മെന്റ് ട്രസ്റ്റുമായി ഏറ്റുമുട്ടും. 28 ദിവസം നീണ്ടു നിൽക്കുന്നതാണ് ചാമ്പ്യൻഷിപ്പ്.കണ്ണൂർ സിനിയർ ഡിവിഷൻ ഫുട്‌ബോൾ ഗ്രാൻഡ് ലോഞ്ചിംഗിൽ
കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ മെയർ അഡ്വ.പി.ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ചാമ്പ്യൻഷിപ്പിന്റെ ലോഗോ ജില്ലാ സെക്രട്ടറി കെ.വി.അശോക് കുമാർ പ്രകാശനം ചെയ്തു. ലീഗ് മത്സരത്തിനുള്ള ബാൾ ലോഞ്ചിംഗ് ജില്ലാ പൊലീസ് മേധാവി പി.നിധിൻ രാജ് നിർവഹിച്ചു. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.കെ.അബ്ദുൽ നിസാർ സംസാരിച്ചു.
മികച്ച കളിക്കാരെ കണ്ടെത്താൻ സെലക്ഷൻ കമ്മിറ്റിയും
കണ്ണൂർ സൂപ്പർ ഡിവിഷൻ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാരെ കണ്ടെത്താൻ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രത്യേകം സെലക്ഷൻ കമ്മറ്റിയെ നിയമിച്ചു. മുൻ ഇന്ത്യൻ താരങ്ങളായിരുന്ന പി.കെ.ബാലചന്ദ്രൻ, എൻ.നജീബ്, കേരള പൊലീസ് താരങ്ങളായ വി.മുരളി , എൻ.മോഹനൻ എന്നിവരടങ്ങുന്നതാണ് സെലക്ഷൻ കമ്മറ്റി അംഗങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |