
കണ്ണൂർ: പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും വില വർദ്ധനയും മൂലം ഗത്യന്തരമില്ലാതെ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടും ഹോട്ടലുകളെ ബാധിച്ച പ്രതിസന്ധിയ്ക്ക് അയവില്ല. വില വർദ്ധനവിന് പിന്നാലെ വിറ്റുവരവിൽ നല്ല കുറവാണ് ഭൂരിപക്ഷം ഹോട്ടലുകളും നേരിടുന്നത്. വില കൂടുന്നതിന് മുമ്പ് നാലായിരത്തിനും അയ്യായിരത്തിനുമിടയിൽ ലാഭം കിട്ടിയിടത്ത് കഷ്ടിച്ച് ആയിരം തികക്കാൻ സാധിക്കുന്നില്ലെന്നാണ് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷനിൽ നിന്നുള്ള വിവരം.
ഭക്ഷണ വിഭവങ്ങൾക്ക് വില വർദ്ധവുണ്ടായതോടെ മിക്ക ഹോട്ടലുകളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളാകട്ടെ പല വിഭവങ്ങളും ഒഴിവാക്കുകയും ചെയ്തു. പലയിടത്തും എണ്ണപ്പലഹാരങ്ങളും ചായയും ഒഴിവാക്കി ഊൺ മാത്രം നൽകുകയാണിപ്പോൾ.ചില ഹോട്ടലുകൾ ഊൺസമയത്ത് മാത്രം പ്രവർത്തിക്കുന്ന നിലയിലുമെത്തി.അർദ്ധരാത്രി വരെ പ്രവർത്തിക്കുന്ന മിക്ക ഹോട്ടലുകളും ഇപ്പോൾ രാത്രി 10 മണിവരെയാക്കി പ്രവർത്തന സമയം ചുരുക്കി.സിലിണ്ടർ ക്ഷാമം മൂലം ഇരുപത് ശതമാനത്തോളം ഹോട്ടലുകളും പൂട്ടിയിരുന്നു.
വിലയിൽ ഏകീകരണമില്ല
നിലവിൽ പലതരത്തിലാണ് ഹോട്ടലുകൾ വില ഈടാക്കുന്നത്.ഗ്രാമീണ ഹോട്ടലുകൾ 12 മുതൽ 15 രൂപ വരെയാണ് ഈടാക്കുന്നത്. പാചകവാതക സിലിണ്ടർ പ്രതിസന്ധി വന്നതോടെ വിലയുടെ കാര്യത്തിൽ ഏകീകരണമില്ലെന്നാണ് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം ടി.ജയപ്രകാശ് പറയുന്നത്. വിഭവങ്ങളുടെ ഗുണമേൻമയ്ക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. പ്രതിദിനം നാല് സിലിണ്ടർ വരെ ആവശ്യമായി വരുന്നതോടെ 3000 മുതൽ 5,000 രൂപ വരെ അധികബാദ്ധ്യതയാണ് ഹോട്ടലുകൾക്ക് ഉണ്ടാകുന്നത്. ഗ്യാസ് ബുക്ക് ചെയ്താൽ രണ്ട് മാസം സമയമെടുക്കുന്നതും സ്വകാര്യ ഏജൻസികൾ കരിഞ്ചന്തയിൽ അമിത വില ഈടാക്കി ഹോട്ടൽ വ്യാപാരികളെ ചൂഷണം ചെയ്യുന്നതും മറ്റൊരു പ്രശ്നമാണ്.
വോട്ടിന് പോയവർ തിരിച്ചെത്തിയില്ല
ബംഗാൾ, ആസം നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ പോയ തൊഴിലാളികൾ തിരിച്ചെത്താത്തതിനെ തുടർന്ന് ഹോട്ടൽ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷമാണ്. എന്നാൽ ജില്ലയിൽ 20 ശതമാനം ഹോട്ടൽ പൂട്ടിയതും പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഹോട്ടലുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതും തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചിട്ടുണ്ട്. വിവാഹ സീസണിലെ പാചകവാതക പ്രതിസന്ധി കാറ്ററിംഗ് മേഖലയെയും തളർത്തി.
ഹോട്ടൽ വിഭവങ്ങളുടെ വില
ഊൺ 70 -80
ചായ 12 15
പൊറോട്ട12 15
പരിപ്പുവട 12 15
പഴംപൊരി 15
സമൂസ വെജ്15
സമൂസ ചിക്കൻ 20
കൽമാസ് 20
സാൻവിച്ച് 30
ബർഗർ 30
ഉഴുന്നുവട 15
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |