
പാപ്പിനിശ്ശേരി: ദേശീയപാത വികസനം പുരോഗമിക്കുമ്പോഴും ആശങ്ക തീരാതെ വേളാപുരം പ്രദേശം. ഏറെ പരാതിക്കൊടുവിൽ അണ്ടർ പാസേജ് നിർമ്മിക്കാൻ ധാരണയായെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാത്തതാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആശങ്ക. അണ്ടർ പാസേജ് നിർമ്മിക്കുന്നതിന് ചില ഭൂമി ശാസ്ത്രപരമായ തടസങ്ങളുണ്ടെന്നതാണ് ഇവരുടെ ആധിയ്ക്ക് പിന്നിൽ. ഇതിന് പകരം ഓവർബ്രിഡ്ജ് അടക്കമുള്ള പകരം സംവിധാനം ആലോചിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അണ്ടർപാസേജിനായി രണ്ടു മാസം മുമ്പാണ് മണ്ണുപരിശോധന നടന്നത്. രണ്ട് മീറ്റർ വീതിയിൽ അണ്ടർ പാസ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്ത് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. കർമ്മസമിതിയുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ പ്രക്ഷോഭവും നടന്നു. ഏറ്റവും ഒടുവിൽ കർമ്മസമിതിയും ഭരണ പ്രതിപക്ഷകക്ഷികളും ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും വലിയ സമ്മർദ്ദം ചെലുത്തിയാണ് അഞ്ച് മീറ്റർ വീതിയിലും മൂന്നു മീറ്റർ ഉയരത്തിലും ഉള്ള അണ്ടർപാസിന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൽ നിന്നും അനുമതിയായത്. പിന്നാലെ കഴിഞ്ഞ ഫെബ്രുവരി മൂന്നാം വാരത്തിൽ ഇതിനായി സ്ഥലം മാർക്ക് ചെയ്തതുമാണ്.
രണ്ട് തവണ മണ്ണുപരിശോധന നടത്തിയതോടൊപ്പം പൈലിംഗിന് മുന്നോടിയായി യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് കുഴിയും എടുത്തുതുടങ്ങിയതാണ്.എന്നാൽ പിന്നീട് കാരണം വ്യക്തമാക്കാതെ പ്രവൃത്തി നിലയ്ക്കുകയായിരുന്നു.
മണ്ണുപരിശോധനയ്ക്ക് ശേഷം സ്തംഭിച്ചു
മണ്ണിന്റെ ഘടന പരിശോധിച്ചതിന് ശേഷമാണ് അണ്ടർ പാസേജ് നിർമ്മാണത്തിന്റെ തുടക്കം സ്തംഭിച്ചത്. മണ്ണിന്റെ അലിയുന്ന ഘടനയും കാരണം മേൽപ്പാലമാകും ഫലപ്രദമാകുകയെന്നാണ് നാട്ടുകാർ പറയുന്നത്. പുതിയ ദേശീയപാതയിൽ നിന്നും കണ്ണൂർ ഭാഗത്തേക്കുള്ള പഴയ പാതയിലേക്ക് കടക്കാൻ നിലവിൽ വേളാപുരത്ത് നിന്നും 100 മീറ്റർ അകലെ 24 മീറ്റർ വീതിയിൽ ഒരു സ്പാനോട് കൂടിയ ഓവർ ബ്രിഡ്ജുണ്ട്. അതിനോട് ചേർക്കുന്ന രീതിയിൽ വേളാപുരത്ത് നിന്നും തന്നെ തുടങ്ങി ഓവർ ബ്രിഡ്ജ് നിർമ്മിക്കാനുള്ള സാദ്ധ്യത പരിഗണനയിലുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ ദേശീയപാത അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
കറങ്ങിമടുത്ത് ഒരു ബസ് യാത്ര
കണ്ണൂരിൽ നിന്നും വേളാപുരം -മാങ്കടവ് വഴി പറശ്ശിനിക്കടവിലേക്ക് പോകുന്ന ബസുകൾ മാസങ്ങളായി വട്ടം ചുറ്റുകയാണ്. നിലവിൽ കീച്ചേരി ഐക്കൽ വഴി ഒരു കിലോമീറ്ററിലധികം അധികദൂരം ഓടിയാണ് പറശ്ശിനിക്കടവിലേക്ക് ബസുകളുടെ സർവീസ് . വേളാപുരത്ത് 5 X 3 അളവിൽ അണ്ടർ പാസേജ് യാഥാർത്ഥ്യമായാലും ആ അടിപ്പാത വഴി ബസുകൾക്ക് മറുഭാഗത്തേക്കുള്ള റോഡിലേക്ക് കടക്കാനാകില്ല. ഓവർ ബ്രിഡ്ജ് സ്ഥാപിച്ചാൽ ഈ പ്രശ്നത്തിനും പരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |