കൊട്ടിയൂർ: ഭക്തമനസുകളെ കുളിരണിയിച്ച് വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം ഇന്നലെ രാത്രിയിൽ അക്കരെ സന്നിധിയിൽ നടന്നു. ഉത്തര മലബാറിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഭക്തർ കഠിനവ്രതമനുഷ്ഠിച്ച് എഴുന്നള്ളിച്ചെത്തിച്ച് സമർപ്പിച്ച ആയിരക്കണക്കിന് ഇളനീരുകളാണ് ഇന്നലെ പെരുമാൾക്ക് അഭിഷേകം ചെയ്തത്.
പാരമ്പര്യ അവകാശികളായ തണ്ടയാന്മാർ സമർപ്പിച്ച ഇളനീരുകൾ ഇന്നലെ രാവിലെ മുതൽ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലുള്ള സംഘം അഭിഷേകത്തിനായി ചെത്തിയൊരുക്കി മണിത്തറയിലെ മുഖമണ്ഡപത്തിൽ കൂട്ടിവെച്ചു. ഇളനീർ ചെത്താനുള്ള കത്തികൾ തണ്ടയാന്മാർ ജാതിയൂർ മഠത്തിൽ നിന്ന് ഇളനീർ വെപ്പ് ദിനത്തിലാണ് പെരുമാൾക്ക് മുന്നിൽ സമർപ്പിച്ചത്.
രാത്രിയിലായിരുന്നു ഇളനീരാട്ടം. അഭിഷേകത്തിനായി ചെത്തിയൊരുക്കിയ ഇളനീരുകൾ ബ്രാഹ്മണർ ശ്രീ കോവിലിനുള്ളിലേക്ക് മാറ്റിയ ശേഷം ദൈവം വരവിനായി കാത്തിരുന്നു. കിഴക്കേ നടയിലെ കൊട്ടേരിക്കാവിൽ നിന്ന് അതിവേഗം ഓടിയെത്തിയ മുത്തപ്പൻ ദൈവം തിരുവഞ്ചിറ താണ്ടി മണിത്തറയിൽ എത്തി. തുടർന്ന് കിരാതമൂർത്തി വേഷത്തിൽ പുറങ്കലയനെത്തിയപ്പോൾ പാലക്കീഴിൽ നിന്നും ദൈവത്തിനൊപ്പം എത്തിയ ഒറ്റപ്പിലാനും സംഘവും കോവിലകം കൈയാല തീണ്ടി കൈയിൽ കിട്ടിയതെല്ലാം എടുത്തുകൊണ്ടുപോയി. ആ സമയത്ത് മണിത്തറയ്ക്ക് മുന്നിൽ നിന്നും അരിയും കളഭവും സ്വീകരിച്ച് ഇളനീരാട്ടത്തിന് അനുമതി നൽകി മുത്തപ്പൻ ദൈവം മടങ്ങി.
പാലോന്നം നമ്പൂതിരി രാശി വിളിച്ചതോടെയാണ് ഉഷകാമ്പ്രം സ്ഥാനികൻ ഇളനീരാട്ടം ആരംഭിച്ചത്. ആദ്യമായി മൂന്ന് ഇളനീർ വെട്ടിക്കൊടുത്തത് പാലോന്നം നമ്പൂതിരിയാണ്. ഉഷകാമ്പ്രം അതുവാങ്ങി പെരുമാൾക്ക് അഭിഷേകം ചെയ്തതോടെ പരികർമ്മികളായ ബ്രാഹ്മണർക്ക് ഇളനീർവെട്ടാനുള്ള കത്തികൾ വിതരണം ചെയ്തു. അവർ ഭക്തർ സമർപ്പിച്ച ഓരോ ഇളനീരും വെട്ടി വെള്ളി കുടങ്ങളിലാക്കി നൽകിയത് ഉഷകാമ്പ്രം ഇടമുറിയാതെ പെരുമാൾക്ക് അഭിഷേകം ചെയ്തു. തീരാറായപ്പോഴും പാലോന്നം നമ്പൂതിരി മൂന്ന് ഇളനീരുകൾ വെട്ടി അഭിഷേകത്തിനായി ഉഷകാമ്പ്രത്തിന് നൽകി. അതും അഭിഷേകം ചെയ്തതോടെയാണ് ഇളനീരാട്ടം പൂർത്തിയായത്. ഇതോടെ 45 ദിവസമായി ഭക്തർ അനുഷ്ഠിച്ച കഠിനവ്രതത്തിനും പരിസമാപ്തിയായി.
ഇളനീരാട്ടം നാളായ ഇന്നലെയും കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടെങ്കിലും പൊലീസിന്റെയും വൊളണ്ടിയേഴ്സിന്റെയും ഇടപെടൽ മൂലം ഗതാഗതകുരുക്കില്ലാതെ ഭക്തർക്ക് കൊട്ടിയൂരിൽ വന്ന് മടങ്ങാൻ കഴിഞ്ഞു.
വൈശാഖ മഹോത്സവത്തിലെ രണ്ടാമത്തെ ആരാധനാ പൂജയായ അഷ്ടമി ആരാധനയും ഇന്നലെ ഉച്ച ശീവേലിക്ക് ശേഷം വാളറയ്ക്ക് മുന്നിൽ പന്തീരടി കാമ്പ്രം സ്ഥാനികന്റെ കാർമ്മികത്വത്തിൽ നടന്നു.
അഭിഷേകത്തിനായി സ്ഥാനികർ ഇളനീർ ചെത്തിയൊരുക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |