SignIn
Kerala Kaumudi Online
Monday, 06 July 2026 6.41 AM IST

വില വർദ്ധനവിൽ വലഞ്ഞ് സ്‌കൂഫേ സംരംഭകർ

schoofe
സ്‌കൂഫേ

കണ്ണൂർ: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തെ തുടർന്ന് ജില്ലയിലെ സ്‌കൂഫേകളുടെ (സ്‌കൂൾ കഫേ) പ്രവർത്തനം അവതാളത്തിലാകുന്നു. പാചകവാതക സിലിണ്ടർ ക്ഷാമവും സ്കൂഫേകളുടെ മുന്നോട്ടുള്ള പ്രവർത്തനത്തിൽ ആശങ്ക ഉളവാക്കുകയാണ്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം കാരണം പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകുന്നതായാണ് നടത്തിപ്പുകാർ പറയുന്നത്.

പ്രതിസന്ധിയെ തുടർന്ന് ജില്ലയിലെ ചില സ്‌കൂഫേകൾ ചായക്കും പലഹാരങ്ങൾക്കും 12 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. നിരക്ക് വർദ്ധിച്ചതോടെ ഏതാനും വിദ്യാർത്ഥികൾ സ്‌കൂഫേ സൗകര്യങ്ങൾ ഒഴിവാക്കിയതിനെ തുടർന്ന് നടത്തിപ്പുകാർ പ്രതിസന്ധിയിലായിരുന്നു. വില ഇനിയും വർദ്ധിപ്പിച്ചാൽ വിദ്യാർത്ഥികൾ കുറയുമെന്ന ആശങ്കയും നടത്തിപ്പുകാർക്ക് ഉണ്ട്.

നിരവധി സ്ത്രീകൾക്കാണ് ഇതുവഴി തൊഴിൽ ലഭിച്ചത്. സ്‌കൂഫേകളിൽ ഗ്യാസ് അടുപ്പിലാണ് പാചകം. രണ്ട് ഗ്യാസ് സിലിണ്ടറാണ് ഉപയോഗിക്കുന്നത്. വാണിജ്യ ഗ്യാസ് സിലിണ്ടറിന് നേരത്തെ 1,750 രൂപയാണ്. ഇപ്പോൾ മൂവായിരത്തോളമായി. വെളിച്ചെണ്ണ വില കെയ്സിന് 800 രൂപയിൽനിന്ന് 1410 ആയി വർദ്ധിച്ചു. ഒന്നാംവ‌ർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ക്ലാസുകൾ തുടങ്ങാത്തതിനാൽ നിലവിൽ സ്‌കൂഫേ പ്രവർത്തനം മന്ദഗതിയിലാണ് മുമ്പോട്ട് പോകുന്നത്.

കുടുംബശ്രീ സംരംഭം

കുറഞ്ഞ നിരക്കിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ നിന്നുതന്നെ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കാൻ കുടുംബശ്രീയും ജില്ലാ പഞ്ചായത്തും ചേർന്ന് 2023ൽ ആരംഭിച്ചതാണ് പദ്ധതി. സ്‌കൂഫേ തുടങ്ങാൻ സബ്സിഡിയോടെ വായ്പ അനുവദിക്കുന്നുണ്ട്. ആദ്യം 30 സ്‌കൂളുകളിൽ തുടങ്ങിയ പദ്ധതി മൂന്നുവർഷംകൊണ്ട് ജില്ലയിലെ 60 ശതമാനം സ്‌കൂളുകളിലും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിലാണ് സ്‌കൂഫേ പ്രവർത്തിക്കുന്നത്.

രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കുന്ന സ്‌കൂഫേകളിൽ ചായയും പലഹാരങ്ങളും പേന, പെൻസിൽ, നോട്ട്ബുക്ക് തുടങ്ങിയ നിരവധി ഉത്പന്നങ്ങളാണ് ലഭിക്കുന്നത്. സേവനങ്ങൾ പരമാവധി വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

പാൽ, ധാന്യപ്പൊടികൾ, പച്ചക്കറി, ബ്രഡ് തുടങ്ങി അവശ്യ വസ്തുക്കളുടെ വില കത്തിക്കയറിയതോടെ വരുമാനത്തിൽ വലിയ കുറവുണ്ടായി. ചായയ്ക്കും പലഹാരത്തിനും വില വർദ്ധിപ്പിക്കാതെ നിവർത്തിയില്ല. ഇപ്പോൾ 10 രൂപയ്ക്കാണ് ചായയും പലഹാരവും കൊടുക്കുന്നത്.

സ്കൂഫേ സംരംഭകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL