കണ്ണൂർ: ടൂറിസം സാദ്ധ്യത കൂടി പരിഗണിച്ച് സൂര്യകാന്തി കൃഷിയും തണ്ണീർമത്തൻ കൃഷിയും വ്യാപിപ്പിക്കാൻ വിപുലമായ ശ്രമങ്ങൾ സംഘടിപ്പിക്കാൻ ടെക്നീഷ്യൻസ് ആൻഡ് ഫാർമേഴ്സ് കോ ഓഡിനേഷൻ സൊസൈറ്റി (ടാഫ്‌കോസ്) രംഗത്ത്. കണ്ണപുരം ഇടക്കേപുറം നവോദയ വായനശാലയിൽ നടന്ന കർഷക സദസ്സിലെ ചർച്ചകളിലാണ് ഈ തീരുമാനം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൂര്യകാന്തി കൃഷി ചെയ്ത കർഷകർ പങ്ക് വെച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചകളിലാണ് തീരുമാനം. സൂര്യകാന്തി വിത്തിന് വേണ്ടി മാത്രം കൃഷി എന്നത് നിലവിലെ സാഹചര്യത്തിൽ ലാഭകരമല്ലെന്ന് കാർഷിക സദസ്സിൽ പങ്കെടുത്ത കാർഷിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
കണ്ണപുരം അയ്യോത്ത് വയലിലും കുറ്റ്യാട്ടൂരിലും കൃഷി ചെയ്ത കർഷകരുടെ അനുഭവങ്ങളാണ് കർഷക സദസ്സിൽ പങ്കുവെച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കൃഷിവകുപ്പിന്റെ സാങ്കേതിക നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് കൃഷി വ്യാപിപ്പിക്കുന്നതാണ് ഉചിതമെന്നും സദസ്സ് വിലയിരുത്തി. ഗ്രാമ പഞ്ചായത്തുകൾക്ക് ഇത്തരം പദ്ധതികൾ തയ്യാറാക്കാൻ
ടാഫ്‌കോസ് സഹായങ്ങൾ നല്കാനും കർഷക സദസ്സിൽ ധാരണയായി.
കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് കെ.വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടാഫ്കോസ് പ്രസിഡന്റ് ഇ.കെ സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വയനാട് മുൻ കളക്ടർ വി. രതീശൻ മുഖ്യാതിഥിയായി. നവോദയ വായനശാല സെക്രട്ടറി രാജൻ സ്വാഗതം പറഞ്ഞു. കണ്ണപുരം ഗ്രാമ പഞ്ചായത്തിലെ അയ്യോത്ത് സൂര്യകാന്തി കൃഷി ചെയ്ത പ്രകാശൻ കീഴറ, കുറ്റ്യാട്ടുരിലെ സൂര്യകാന്തി കർഷകൻ വാസുദേവൻ, മടക്കര യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ സുരേഷ് ബാബു എന്നിവർ സൂര്യകാന്തി കൃഷി അനുഭവങ്ങൾ വിവരിച്ചു. കണ്ണപുരം കൃഷി ഓഫീസർ യു. പ്രസന്നൻ, കണ്ണപുരം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ രമേശൻ, പഞ്ചായത്ത് മെമ്പർ പി. രതി, ടാഫ്കോസ് സെക്രട്ടറി വി.വി. ബാലകൃഷ്ണൻ, ടാഫ്കോസ് കർഷക സമിതി കൺവീനർ വിദ്യ കണ്ണപുരം, ലക്ഷ്മണൻ കുന്നുമ്പ്രത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |