SignIn
Kerala Kaumudi Online
Saturday, 11 July 2026 3.04 AM IST

അദ്ധ്യയന വ‌ർഷം ഒരു മാസം പിന്നിട്ടു ,​ അദ്ധ്യാപക തസ്തിക ഒഴിഞ്ഞുതന്നെ

teacher
അദ്ധ്യാപകർ

70 ശതമാനം അദ്ധ്യാപകർ സെൻസസ് ഡ്യൂട്ടിയിൽ

കണ്ണൂർ: അദ്ധ്യയന വ‌ർഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ 200 അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. എൽ.പി, യു.പി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിലാണ് 200 അദ്ധ്യാപകരുടെ കുറവുള്ളത്. കാസർകോട് ജില്ലയിൽ 266 അദ്ധ്യാപക ഒഴിവുകളാണുള്ളത്

നിലവിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പി.എസ്.സി ശുപാർശ ലഭിക്കുന്ന മുറയ്ക്ക് നിയമനങ്ങൾ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം 2026-27 വർഷത്തെ തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കി തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകരെ ക്രമീകരിച്ചതിനുശേഷം മാത്രമേ ചട്ടപ്രകാരമുള്ള ഒഴിവുകൾ പി.എസ്.സി നികത്തുകയുള്ളു. ക്ലാസ് തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടിട്ടും നിയമനം നടത്താനുള്ള നടപടികളെടുക്കാത്തത് അക്കാഡമിക് പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.

നിലവിൽ സ്‌കൂളുകളിലെ 70 ശതമാനം അദ്ധ്യാപകരും സെൻസസ് ഡ്യൂട്ടിയിലാണ്. ജില്ലയിൽ 1290 പൊതുവിദ്യാലയങ്ങളിൽ 17,000 അദ്ധ്യാപകരുണ്ടെന്നാണ് കണക്ക്. ജില്ലയിലാകെ 560 സർക്കാർ വിദ്യാലയങ്ങളും 730 എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. ഇവരിൽ താത്ക്കാലികക്കാരെയും അംഗീകാരം ലഭിക്കാത്തവരെയും മാറ്റി നിർത്തിയാൽ 4000 പേർ സെൻസസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മിക്ക വിദ്യാലയത്തിൽ നിന്നും അഞ്ചിൽ കൂടുതൽ അദ്ധ്യാപകർ ഇങ്ങനെ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത് സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ഉൾപ്പെടെ ബാധിച്ചിട്ടുണ്ട്. ഓണപ്പരീക്ഷയ്ക്ക് കൂടുതൽ സമയമില്ലെന്നതും പാഠഭാഗം മുന്നോട്ടുപോകാത്തതും ഒരു അദ്ധ്യാപകൻ തന്നെ ഒന്നിലധികം ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടിവരുന്നതുമെല്ലാം വിദ്യാർത്ഥികളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

ചില സ്‌കൂളുകളിൽ ഉച്ചവരെ ക്ലാസുകൾ കൈകാര്യം ചെയ്തതിന് ശേഷം അദ്ധ്യാപകർ സെൻസസ് ഡ്യൂട്ടിക്ക് പോകും. ഇതോടെ ഉച്ചയ്ക്ക് ശേഷം കുട്ടികൾ വെറുതെയിരിക്കേണ്ട സാഹചര്യവുമുണ്ട്. സെൻസസ് ജോലി നിർവഹിച്ച ദിവസങ്ങൾക്ക് പകരമായി ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ പകരം ഓഫ് എടുക്കാം. അദ്ധ്യാപകർ കൂട്ടത്തോടെ ഓഫിന് അപേക്ഷിക്കുമെന്നതിനാൽ സെൻസസ് തീർന്നാലും പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കാൻ മാസങ്ങളെടുക്കും.

സംസ്ഥാനത്ത് 2734 ഒഴിവുകൾ

സംസ്ഥാനത്തൊട്ടാകെ എൽ.പി, യു.പി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിലായി 2734 അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 225 ഒഴിവുകളും ഹയർ സെക്കൻഡറി ജൂനിയർ തസ്തികയിൽ 713 ഒഴിവുകളും നിലവിലുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്ന വൊക്കേഷണൽ ടീച്ചർ തസ്തികയിൽ 378 ഒഴിവുകളും വൊക്കേഷനൽ ഇൻസ്ട്രക്ടർ തസ്തികയിൽ 156 ഒഴിവുകളും നിലവിലുണ്ട്. ഇതിനുപുറമേ നോൺ വൊക്കേഷണൽ ടീച്ചർ തസ്തികയിൽ 14 ഒഴിവുകളും നോൺ വൊക്കേഷണൽ ടീച്ചർ സീനിയർ തസ്തികയിൽ നാല് ഒഴിവുകളും നിലവിലുണ്ട്.

ഒഴിവുകൾ

കണ്ണൂർ - 200

എൽ.പി -27

യു.പി -35,

ഹൈസ്‌ക്കൂൾ -138

കാസർകോട്-266

എൽ.പി - 60,

യു.പി- 69

ഹൈസ്‌ക്കൂൾ - 137

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TEACHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL