SignIn
Kerala Kaumudi Online
Saturday, 25 July 2026 3.33 AM IST

വന്യമൃഗ ഭീതി ഒഴിയാതെ മലയോര ഗ്രാമങ്ങൾ

animals

കണ്ണൂർ: ജില്ലയിലെ മലയോര മേഖലയായ ചുഴലിയിലും കൊളത്തൂരിലും പുലിയുണ്ടെന്ന സംശയം നിലനിൽക്കെ സമീപ പ്രദേശങ്ങളും ഭീതിയിൽ. കൊളത്തൂരിനടുത്തുള്ള പ്രദേശങ്ങളാണ് ഇപ്പോൾ ഭീതിയിലായിട്ടുള്ളത്.

മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് ചുഴലി പടിഞ്ഞാറേമൂലയിലെ ക്ഷീരകർഷകൻ എം.ടി വിനോദിന്റെ തൊഴുത്തിൽ ഈ മാസം 21ന് പുലർച്ചെ പുലിയുടെ ആക്രമണം ഉണ്ടായത്. കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ മീറ്ററോളം ദൂരേക്ക് വലിച്ചുകൊണ്ടുപോയി കൊന്ന ശേഷം മാംസം ഭക്ഷിക്കുകയും ചെയ്തു. ഇതോടെ പ്രദേശത്ത് പുലിയുണ്ടെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ചെങ്ങളായി പഞ്ചായത്തിലാണ് ചുഴലിയും കൊളത്തൂരും. പഞ്ചായത്തിൽ പുലിയുണ്ടെന്ന് ഉറപ്പായതോടെ ശ്രീകണ്ഠപുരം നഗരസഭ, നടുവിൽ, പയ്യാവൂർ, ഏരുവേശി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾ കനത്ത ജാഗ്രതയിലാണ്. കൊളത്തൂരിനോട് ചേർന്ന് നിൽക്കുന്ന മാവിലംപാറ, കണ്ണാടിപ്പാറ തുടങ്ങിയ വിജനമായ പ്രദേശത്തും പുലിയിറങ്ങാനുള്ള സാദ്ധ്യതയുണ്ട്. ഇവിടം ചെങ്കൽപ്പാറകളും കുറ്റിക്കാടുകളും നിറഞ്ഞതാണ്. വൈകുന്നേരം 4 മണിക്ക് ശേഷം ഈ മേഖലയിൽ ആളനക്കവും ഉണ്ടാകാറില്ല.

വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് വന്യ ജീവികൾ കൂടുതലെത്താറുള്ളത്. എന്നാൽ സമീപ കാലങ്ങളിൽ മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നിയുടെയും കാട്ടുപോത്തിന്റെയും സാന്നിദ്ധ്യം കൂടുതലാണ്. കുടിയാന്മല, നടുവിൽ, പയ്യാവൂർ, ഉളിക്കൽ എന്നിവടങ്ങളിലെ ജനവാസ മേഖലയിലടക്കം വന്യമൃഗ ശല്യം രൂക്ഷമായി തുടരുകയാണ്.


കർഷകരുടെ അദ്ധ്വാനം വെറുതെ

മലയോര മേഖലയിലെ വന്യമൃഗ ശല്യം കാരണം ഉള്ളതു വിറ്റു പെറുക്കി നാടുവിടേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. രാപ്പകലില്ലാതെ അധ്വാനിച്ചു ചെയ്ത കൃഷികളെല്ലാം വന്യമൃഗങ്ങളും മയിലുകളും നശിപ്പിക്കുകയാണ്. നശിച്ച കാർഷിക വിളകൾക്കു നഷ്ടപരിഹാരം തേടി അധികൃതരുടെ മുൻപിൽ കൈനീട്ടി മടുത്തു. വന്യമൃഗ ശല്യം തടയുന്നതിനുള്ള നടപടികൾക്ക് കയറിയിറങ്ങാത്ത ഓഫീസുകളും ഇല്ല. പയ്യാവൂർ, കുടിയാന്മല മേഖലയിലെ കർഷകരാണ് കൂടുതൽ ആശങ്കപ്പെടുന്നത്.

ആറളം ഫാമിൽ കാട്ടാന വീടിന്റെ

ഷെഡ് തകർത്തു, വീട്ടമ്മയ്ക്ക് പരിക്ക്

ഇരിട്ടി: ആറളം ഫാം പുനരധിവാസമേഖലയിൽ കാട്ടാന വീടിന്റെ ഷെഡ് തകർത്തു. കാട്ടാനയെക്കണ്ട് ഓടുന്നതിനിടെ വീണ് സ്ത്രീയ്ക്ക് പരിക്കേറ്റു. 11-ാം ബ്ലോക്കിലാണ് വ്യാഴാഴ്ച രാത്രി അക്രമകാരിയായ മോഴയാനയുടെ ആക്രമണം ഉണ്ടായത്. വീടിന്റെ മുന്നിലെ ഷെഡ്ഡും വീടുപകരണങ്ങളും തകർന്നു. വീട്ടിലുള്ളവർ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് വീട്ടമ്മയായ ശോഭയ്ക്ക് വീണ് മുട്ടിന് പരിക്കേറ്റത്. വീട്ടുമുറ്റത്തുണ്ടായിരുന്ന സൈക്കിൾ ആന ചവിട്ടി ഒടിച്ചു. വീട്ടിന് ഘടിപ്പിക്കാൻ വാങ്ങി വച്ചിരുന്ന പുതിയ വാതിൽ, കസേര, ബക്കറ്റുകൾ എന്നിവയെല്ലാം കാട്ടാന നശിപ്പിച്ചു. ആർ.ആർ.ടി സംഘം സ്ഥലത്തെത്തി ആനയെ തുരത്തി.

ഫാമിലെ പുനരധിവാസ മേഖലയിൽ അപകടകാരിയായ ഈ മോഴയാനയെ പിടികൂടണം എന്ന ആവശ്യം വളരെ കാലമായി ഉയരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, WILDANIMALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL