
നടുവിൽ: ഖനനത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട കൂറ്റൻ ചെങ്കൽ പണ കുഴികളിൽ നിറഞ്ഞു കിടക്കുന്ന മഴവെള്ളം ബാലേശുഗിരിയിലെ കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നു. കാലവർഷം കനത്തതോടെ മലയോര മേഖലയിലെങ്ങും ഉരുൾ പൊട്ടലും മണ്ണിടിച്ചിലും പതിവായിരിക്കെയാണ് ജനവാസ മേഖലയായ പടപ്പേങ്ങാട്ടെയും ബാലേശുഗിരിയിലെയും കുടുംബങ്ങൾ ആധിയിൽ കഴിയുന്നത്.
തളിപ്പറമ്പ് പടപ്പേങ്ങാട് ദേവസ്വങ്ങളുടെ കൈവശത്തിലിരിക്കുന്ന ഏക്കർ കണക്കിനു ചെങ്കൽ പാറകളും സമീപത്തെ റവന്യു ഭൂമികളും കൈയേറിയാണ് മാവിലൻപാറയിൽ അനധികൃത ചെങ്കൽ പണകൾ നടത്തുന്നത്. ഭൂമി കൈയേറ്റത്തിനെതിരെ ടി.ടി.കെ ദേവസ്വം അധികൃതർ നിയമ നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് നിരവധി അനധികൃത പണകൾ നിർത്തിയിരുന്നു. ഇങ്ങനെ കുന്നിൻ മുകളിൽ ഉപേക്ഷിച്ച വലിയ ചെങ്കൽ കുഴികളിൽ വെള്ളം നിറഞ്ഞ് ബാലേശുഗിരിയിലെ വീട്ടുകിണറുകൾ മലിനമായതിനെതിരെ പ്രദേശവാസികൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. തുടർന്ന് അന്നത്തെ ജില്ലാ കളക്ടർ സ്ഥലത്തെത്തി അനധികൃത ചെങ്കൽ ഖനനം നിർത്താൻ ഉത്തരവിട്ടതുമാണ്. എന്നാൽ കുറച്ചു കാലം പിന്നിട്ടപ്പോൾ ചെങ്കൽ മാഫിയ വീണ്ടും സജീവമായി ഖനനം പുനരാരംഭിക്കുകയായിരുന്നു.
ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചുഴലി വില്ലേജിൽപ്പെട്ട കൂനം, കൊളത്തൂർ ,കണ്ണാടിപ്പാറ, മാവിലൻപാറ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏക്കർക്കണക്കിനു ചെങ്കൽ പാറകളിൽ ഏറെയും മിച്ചഭൂമിയായി ഏറ്റെടുത്തവയാണ്.
ചുളുവിലയ്ക്ക് വാങ്ങും;അന്യജില്ലക്കാർക്ക് മറിച്ചുവില്കും
കൈവശക്കാരിൽ നിന്നും ചുരുങ്ങിയ വിലക്ക് വാങ്ങുകയും വലിയ വിലക്ക് കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ നിന്നുള്ളവർക്ക് മറിച്ചു വിൽക്കുകയും ചെയ്യുന്ന റിയൽ എസ്റ്റേറ്റ് മാഫിയകൾ സജീവമാണ്.
ചുഴലി വില്ലേജിൽ അനുമതി ഒറ്റ ക്വാറിക്ക് മാത്രം
നൂറുകണക്കിനു ചെങ്കൽ പണകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ വെബ് സൈറ്റിലെ വിവരങ്ങൾ പ്രകാരം ചുഴലി വില്ലേജിൽ 1 ചെങ്കൽക്വാറിക്ക് മാത്രമാണ് അനുമതിയുള്ളത്. ദിവസവും നൂറുക്കണക്കിനു അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുകയും നൂറുക്കണക്കിനു ലോറികളിൽ ലോഡ് കണക്കിനു ചെങ്കല്ലുകൾ ജില്ല വിട്ട് മറ്റു ജില്ലകളിലേക്ക് കടത്തുകയും സർക്കാരിനു നികുതി ഇനത്തിലും അനുമതിക്കു വേണ്ടുന്ന ഫീസ് ഇനത്തിലും വലിയ നഷ്ടമാണ് വരുത്തുന്നത്. ആരെങ്കിലും പരാതി നൽകുമ്പോൾ മാത്രം പ്രഹസനമെന്നോണം പരിശോധന നടത്തുകയാണ് റവന്യു ,ജിയോളജി, പൊലീസ്,ആർ.ടി.ഒ വകുപ്പുകളെന്ന് നാട്ടുകാർ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |