
കൊട്ടിയൂർ: നെല്ലിയോടിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. നെല്ലിയോടിയിലെ മേരി തോമസിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ കാട്ടാന നാശം വിതച്ചത്.
കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാന തെങ്ങ്, ജാതി, കടപ്ലാവ് തുടങ്ങി വരുമാന മാർഗങ്ങളായ വിളകൾ പൂർണമായും കടപുഴക്കിയെറിഞ്ഞു. ഇതിനുപുറമെ പറമ്പിൽ തട്ടുതട്ടുകളായി നിർമ്മിച്ച കയ്യാലകൾ തകർത്ത് വൻ നാശനഷ്‌ടങ്ങളാണ് വരുത്തിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാന ശല്യം കാരണം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. വിവരം അറിയിച്ചാൽ വനപാലകരെത്തി രാത്രിയിൽ കാവൽ നിൽക്കാറുണ്ടെന്നും അവർ വരാതിരുന്നാൽ കാട്ടാന ജനവാസ മേഖലയിലിറങ്ങി കൃഷിനാശം വരുത്തുമെന്നും പ്രദേശവാസികൾ പറഞ്ഞു.
മേരി തോമസിന്റെ കൃഷിയിടത്തിൽ എത്തിയ വനപാലകർ നാശനഷ്ടങ്ങൾ വിലയിരുത്തി. ജനവാസ മേഖലയിലേക്കുളള കാട്ടാനയുടെ അതിക്രമത്തെ പ്രതിരോധിക്കുന്നതിനായി ഫെൻസിംഗ് ഉൾപ്പെടെയുള്ള മാർഗങ്ങൾ നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൃഷി നാശം വന്ന കർഷകർക്ക് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |