കണ്ണൂർ: ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകൾ പുറത്തായതോടെ ജില്ലയിലെ 2,05,048 ഗുണഭോക്താക്കൾ ആശങ്കയിൽ. സഹകരണ ബാങ്കുകൾ വഴി വീട്ടുപടിക്കൽ എത്തുന്ന പെൻഷൻ നിർത്തലാകുമോ എന്നാണ് ആശങ്ക. ക്ഷേമ പെൻഷനിൽ 60 ശതമാനത്തോളം വാർദ്ധക്യ പെൻഷനുകളാണ്. കിടപ്പ് രോഗികൾ, ജീവിത ശൈലി രോഗം പിന്തുടരുന്നവർ, ഗുരുതരമായ അസുഖങ്ങളുള്ളവർ ഇവർക്കെല്ലാം ക്ഷേമ പെൻഷൻ ആശ്വാസമാണ്. ഇവർക്കെല്ലാം സഹകരണ ബാങ്കുകളിലെ ജീവനക്കാരാണ് പെൻഷൻ എത്തിച്ചുനൽകിയിരുന്നത്. ജില്ലയിൽ 60 ശതമാനത്തോളം പേരും ഇത്തരത്തിലാണ് പെൻഷനുകൾ സ്വീകരിച്ചിരുന്നത്.
ഏറ്റവും ഒടുവിൽ പെൻഷൻ വിതരണം ചെയ്തത് 37,60,94,800 രൂപയാണ്. പെൻഷൻ വാങ്ങുന്ന ഭൂരിഭാഗം വയോജനങ്ങൾക്കും വാണിജ്യ ബാങ്കുകളിൽ അക്കൗണ്ടുകളില്ല. വീടുകൾ വഴിയാണ് പലരും പെൻഷൻ സ്വീകരിക്കാറുള്ളത്. പെൻഷൻ വാങ്ങാനായി ഇനി ബാങ്കിൽ പോയി ക്യൂ നിൽക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് വാർദ്ധക്യ പെൻഷൻ വാങ്ങുന്നവർ.
നേരിട്ടുള്ള ക്ഷേമപെൻഷനിൽ വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുവെന്നും പോർട്ടലിൽ വിവരങ്ങൾ നൽകുന്നതിൽ പൊരുത്തക്കേടുകളുണ്ടെന്നുമാണ് സർക്കാരിന്റെ വിശദീകരണം. അർഹതയില്ലാത്തവർ, ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനാണ് പുതിയ നയമെന്നും വിശദീകരിക്കുന്നു.
2,05,048
കണ്ണൂർ ജില്ലയിൽ 2,05,048 പേർക്കാണ് ക്ഷേമ പെൻഷന് അർഹതയുള്ളത്. അസുഖ ബാധിതരായ മുതിർന്ന പൗരന്മാർക്ക് ബാങ്കുകളുടെ ചവിട്ടുപടി നടന്നുകയറുക ദുസ്സഹമാണ്. പണം നേരിട്ട് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കുന്ന സംവിധാനം സർക്കാർ തുടരണമെന്നാണ് ഭൂരിഭാഗം ഗുണഭോക്താക്കളുടെയും ആവശ്യം.
തത്കാലം ആശ്വസിക്കാം
ഓണക്കാലത്തെ പെൻഷൻ പഴയ രീതിയിൽ തന്നെ വിതരണം ചെയ്യും. ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയ തീരുമാനം സർക്കാർ ഉടൻ നടപ്പിലാക്കില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ രീതിയിലേക്ക് മാറുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |