കൊല്ലം: വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്ഥിരമായ ആസ്ഥാനമൊരുങ്ങന്നത് മുണ്ടയ്ക്കലിൽ. മഹാകവി കുമാരനാശാനുകൂടി അവകാശമുണ്ടായിരുന്ന ഭൂമിയാണെന്നതാണ് മറ്റൊരു പ്രത്യേകത.
2020 ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നാടിന് സമർപ്പിച്ചത്. പ്രവർത്തനം തുടങ്ങി അഞ്ചാണ്ടടുക്കുമ്പോൾ അര ലക്ഷത്തിലധികം പഠിതാക്കളുള്ള ഏറ്റവും സജീവമായ യൂണിവേഴ്സിറ്റിയായി മാറി. യു.ജി.സിയുടെ കീഴിലുള്ള ഡിസ്റ്റൻസ് എഡ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള 30 പ്രോഗ്രാമുകളാണുള്ളത്. ഭാഷാ കോഴ്സുകളൊഴികെ മറ്റ് കോഴ്സുകളുടെ പരീക്ഷകൾ മലയാളത്തിൽ എഴുതാമെന്ന പ്രത്യേകത വന്നതോടെ സാധാരണക്കാരായ വീട്ടമ്മമാരും കർഷകരും ഓട്ടോക്കാരുമടക്കമുള്ള തൊഴിലാളികളുമൊക്കെ പഠിതാക്കളായി. കുരീപ്പുഴയിലെ വാടക കെട്ടിടത്തിലാണ് ഇത്രകാലവും പ്രവർത്തിച്ചത്.
സർക്കാർ പൊന്നുപോലെ കാത്തു
ഗുരുദേവന്റെ പേരിൽ സ്ഥാപിച്ച യൂണിവേഴ്സിറ്റിയെ സംസ്ഥാന സർക്കാർ പൊന്നുപോലെ കാത്തു. അതുകൊണ്ടുതന്നെ ഘട്ടംഘട്ടമായി വലിയ നിലയിലേക്ക് ഉയരാനായി. നാക് അക്രഡിറ്റേഷനും മറ്റും സ്വന്തം കാമ്പസും ആസ്ഥാനവും നിർബന്ധമായതിനാൽ അക്കാര്യം സർക്കാർ ഗൗരവമായെടുത്തു. ഭൂമി വാങ്ങാൻ പണം അനുവദിച്ചെങ്കിലും നടപടിക്രമങ്ങൾ നൂലാമാലകളിൽ തട്ടി നീണ്ടു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശക്തമായ ഇടപെടലിലാണ് പിന്നീട് പലപ്പോഴും സാദ്ധ്യതകൾ തെളിഞ്ഞത്. ഏറ്റവുമൊടുവിൽ തർക്കങ്ങൾക്കെല്ലാം അറുതിയുണ്ടാക്കി ഭൂമി വാങ്ങുകയാണ്. ഭൂമി നെഗോഷിയേഷൻ മുഖേന വാങ്ങുന്നതിന് യൂണിവേഴ്സിറ്റക്ക് ഭരണാനുമതി നൽകിക്കൊണ്ട് ഇന്നലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 26,01,99,000 രൂപ ഈ ആവശ്യത്തിനായി യൂണിവേഴ്സിറ്റിയുടെ പി.എസ്.ടി എസ്.ബി അക്കൗണ്ടിലേക്ക് അനുവദിച്ചുനൽകി.
ചരിത്ര നിയോഗം
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ പവിത്രമായ പ്രദേശമാണ് കൊല്ലം മുണ്ടയ്ക്കൽ. ഇവിടെ മുമ്പ് ഓട്ടുഫാക്ടറി പ്രവർത്തിച്ചിരുന്ന 3.26 ഹെക്ടർ ഭൂമിയാണ് യൂണിവേഴ്സിറ്റിയുടെ പേരിൽ വാങ്ങി രജിസ്റ്റർ ചെയ്യുന്നത്. ഇവിടെ പ്രവർത്തിച്ചിരുന്ന ഓട്ടു ഫാക്ടറിയിൽ മഹാകവി കുമാരനാശാനും പങ്കാളിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഇനി ആസ്ഥാനം
യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സർക്കാർ ബഡ്‌ജറ്റിൽ 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ആദ്യഘട്ട നിർമ്മാണത്തിനാണ്. ഭൂമി ഏറ്റെടുത്താൽ തുടർ നടപടികൾ ആരംഭിക്കും.
കുമാരനാശാന്റെ കൂടി ഉടമസ്ഥാവകാശമുണ്ടായിരുന്ന ഭൂമിയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് വേണ്ടി വാങ്ങുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമി വാങ്ങുന്നത് അഭിമാന നേട്ടമാണ്.
ഡോ.വി.പി.ജഗതീരാജ്,
വൈസ് ചാൻസിലർ
കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ചുവെന്നതുമാത്രമല്ല, അതിനെ ലോക നിലവാരത്തിലേക്ക് നയിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ഇടപെടലുകളും സർക്കാർ നടത്തും.
കെ.എൻ.ബാലഗോപാൽ, ധനമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |