
കൊല്ലം: സർക്കാർ ആശുപത്രികളിലെ തിക്കും തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കാൻ 2016ൽ ആരംഭിച്ച ഇ- ഹെൽത്ത് പദ്ധതിയോട് മുഖം തിരിച്ച് ജില്ലാ ആശുപത്രി. ജില്ലയിലെ ഫാമിലി ഹെൽത്ത് സെന്ററുകൾ ഉൾപ്പടെ 33 സർക്കാർ ആശുപത്രികൾ ഇ-ഹെൽത്ത് സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും തിരക്കേറിയ ജില്ലാ ആശുപത്രിയിൽ പദ്ധതി ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ദിവസേന 3500ഓളം രോഗികൾ എത്തുന്ന ആശുപത്രിയിൽ, ഒ.പി. ടിക്കറ്റ് എടുക്കുന്നത് മുതൽ മരുന്ന് വാങ്ങുന്നതുവരെ നീണ്ട ക്യൂവിൽ നിന്ന് വലയേണ്ട അവസ്ഥയാണ്. ഒരു വ്യക്തി കുറഞ്ഞത് അഞ്ച് ക്യൂവിലെങ്കിലും നിൽക്കേണ്ടി വരുന്നു. തിരക്ക് അറിയാവുന്നതുകൊണ്ട് പുലർച്ചെ തന്നെ എത്തി രോഗികൾ ഉൾപ്പടെ ക്യൂവിൽ നിരക്കും. ഭക്ഷണം പോലും കഴിക്കാനാകാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യമാണ്.
ഇ-ഹെൽത്ത്
സംസ്ഥാന ഐ.ടി മിഷനുമായി ചേർന്ന് കേരള ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്. ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭ്യമാകും. ഓൺലൈൻ ഒ.പി ടിക്കറ്റ് ബുക്കിംഗ്, ഡിജിറ്റൽ മെഡിക്കൽ റെക്കോർഡുകൾ ലഭ്യമാക്കൽ, ലാബ് പരിശോധന ഫലങ്ങൾ ഡോക്ടർക്ക് നേരിട്ട് ലഭ്യമാക്കൽ, ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങൽ തുടങ്ങി ചികിത്സാ പ്രക്രിയ വേഗത്തിലാകും. പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ പൗരനും ഇലക്‌ട്രോണിക് ഹെൽത്ത് കാർഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇ- ഹെൽത്ത് സംവിധാനമുള്ള ഏത് സർക്കാർ ആശുപത്രിയിൽ നിന്നും രോഗികളുടെ വിവരങ്ങൾ എടുക്കാനാവും.
ആരംഭിച്ചത്-2016ൽ
സംസ്ഥാനത്ത് ഇ-ഹെൽത്തുള്ള ആശുപത്രികൾ: 686
ജില്ലയിൽ-33
ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കാൻ ഒപ്ടിക് ഫൈബർ കേബിളുകൾ വലിക്കണം. പുതിയ കെട്ടിടത്തിന്റെ പണി നടക്കുകയാണ്. അത് തീരുന്ന മുറയ്ക്ക് നടപ്പാക്കും.
ഡോ. പി.പ്ലാസ, സൂപ്രണ്ട്,
ജില്ലാ ആശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |