SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.38 AM IST

പ്രവചനാതീതം പത്തനാപുരം

Increase Font Size Decrease Font Size Print Page

​പത്തനാപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ ഇക്കുറി പോരാട്ടം പ്രവചനാതീതം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മന്ത്രി കെ.ബി.ഗണേശ് കുമാർ ചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരം നേരിടുമ്പോൾ, നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫും കരുത്തുറ്റ പ്രൊഫൈലുമായി ട്വന്റി20യും (എൻ.ഡി.എ) സജീവമാണ്.

1960 മുതൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ചരിത്രമുള്ള പത്തനാപുരത്ത് 2001ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ഗണേശ് കുമാർ രാഷ്ട്രീയ പ്രവേശനം നടത്തിയത്. പിന്നീട് ഇടത് പക്ഷത്തേക്ക് മാറിയെങ്കിലും മണ്ഡലം അദ്ദേഹത്തെ കൈവിട്ടില്ല. എന്നാൽ വോട്ട് കണക്കുകൾ പരിശോധിച്ചാൽ 2016ൽ 24562 വോട്ടായിരുന്ന ഭൂരിപക്ഷം 2021ൽ 14336 ആയി കുറഞ്ഞു. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയവും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതും കോൺഗ്രസ് ക്യാമ്പുകൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.


വിവാദങ്ങളും വികസനവും മുഖാമുഖം
മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്. എന്നാൽ ഗണേശ് കുമാറിനെതിരെ കുടുംബത്തിൽ നിന്നുയർന്ന ഗുരുതര ആരോപണങ്ങളും എൻ.എസ്.എസ് താലൂക്ക് യൂണിയൻ സ്ഥാനത്തുനിന്നുള്ള മാറ്റവും രാഷ്ട്രീയ ആയുധമാക്കാനാണ് യു.ഡി.എഫ് നീക്കം. റോഡുകളുടെ ശോച്യാവസ്ഥ, കുടിവെള്ള ക്ഷാമം, മലയോര മേഖലയിലെ വന്യജീവി ആക്രമണം എന്നിവയും പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാത്തതും മണ്ഡലത്തിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കെ.ബി.ഗണേശ് കുമാർ

2001 മുതൽ പത്തനാപുരത്തിന്റെ ജനപ്രതിനിധിയായ കെ.ബി.ഗണേശ് കുമാർ, തുടർച്ചയായി അഞ്ചുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ മന്ത്രിയായിരുന്ന അദ്ദേഹം, നിലവിൽ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്. രണ്ടാം പിണറായി മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി 2023 ഡിസംബർ 29നാണ് അദ്ദേഹം ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇത്തവണയും അദ്ദേഹം വോട്ട് തേടുന്നത്.


ജ്യോതികുമാർ ചാമക്കാല

കെ.പി.സി.സി ജനറൽ സെക്രട്ടറിയും മികച്ച സംഘാടകനുമായ ജ്യോതികുമാർ ചാമക്കാല രണ്ടാം തവണയാണ് പത്തനാപുരത്ത് ജനവിധി തേടുന്നത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം, എട്ടുവർഷം കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എൻജിനിയറിംഗ് ബിരുദധാരിയായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി മണ്ഡലത്തിൽ സജീവമാണ്.


എസ്. അനിൽകുമാർ

മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും മാനേജ്മെന്റ് വിദഗ്ദ്ധനുമായ എസ്.അനിൽകുമാർ (ട്വന്റി 20 - എൻ.ഡി.എ) നാഷണൽ എക്സ്-സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നാഷണൽ വൈസ് ചെയർമാൻ കൂടിയാണ്. മോട്ടിവേഷൻ കോച്ച്, കരിയർ കൗൺസിലർ, ആർ.ടി.ഐ-മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും സജീവമാണ്. വിദ്യാഭ്യാസ യോഗ്യതയും ഭരണമികവും മുൻനിറുത്തിയാണ് വോട്ടർമാരെ സമീപിക്കുന്നത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.