കൊല്ലം: മുന്നണി നേതാക്കളും സ്ഥാനാർത്ഥികളും തമ്മിലുള്ള വാക്പോരിലും പ്രവർത്തകരുടെ വാശിയേറിയ വോട്ട് അഭ്യർത്ഥനയിലും തീപിടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം. ജില്ലയിലെ വഴികളിലെല്ലാം രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് സ്ക്വാഡുകളും അനൗൺസ്മെന്റ് വാഹനങ്ങളുമാണ്. ആവേശത്തിരയിളക്കി സ്ഥാനാർത്ഥികളുടെ സ്വീകരണ പര്യടനവും ജില്ലയിലാകെ മുന്നേറുന്നു.
സ്ഥാനാർത്ഥികൾ വോട്ട് തേടി ഫീൽഡിലിറങ്ങുമ്പോൾ പാർട്ടി നേതാക്കൾ അണിയറയിൽ കണക്കുകൾ കൂട്ടിക്കിഴിക്കുകയാണ്. മൂന്ന് മുന്നണികളും ലഭിക്കാൻ സാദ്ധ്യതയുള്ള വോട്ടുകൾ ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിച്ച് വരികയാണ്. ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളും പയറ്റിത്തുടങ്ങി. അടിയൊഴുക്കിനുള്ള ശ്രമങ്ങളും നേതാക്കൾ നടത്തുന്നുണ്ട്. ഇതിനിടയിൽ കനത്ത ചൂടിനെ അവഗണിച്ചാണ് സ്ഥാനാർത്ഥികളുടെ സ്വീകരണ പര്യടനങ്ങൾ മുന്നേറുന്നത്. ഇരുചക്ര വാഹനങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്ഥാനാർത്ഥി സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ചില കേന്ദ്രങ്ങളിൽ നൃത്തച്ചുവടുകളിലൂടെയും സ്ഥാനാർത്ഥിയെ വരവേൽക്കുന്നു.
സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടൽ
സോഷ്യൽ മീഡിയയിലും പാർട്ടി പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുകയാണ്. ഒരുവിഭാഗം നാട്ടിലെ പ്രശ്നങ്ങൾ ഉയർത്തുമ്പോൾ മറുവിഭാഗം വികസന മുന്നേറ്റങ്ങൾ പറഞ്ഞ് പ്രതിരോധിക്കുന്നു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളുടെ ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രളയമാണ്. പ്രചാരണ പരിപാടികൾ സോഷ്യൽ മീഡിയയിൽ തത്സമയം അപ്പ് ലോഡ് ചെയ്യാൻ എല്ലാ സ്ഥാനാർത്ഥികൾക്കും ഒപ്പം സോഷ്യൽ മീഡിയ സംഘങ്ങളും സഞ്ചരിക്കുന്നുണ്ട്.
ആവേശം ആകാശത്തോളം
കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് പ്രവർത്തകർക്ക് വലിയ ആവേശം പകർന്നാണ് മടങ്ങിയത്. ഇന്നലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ കൊല്ലത്തും കരുനാഗപ്പള്ളിയിലും എൻ.ഡി.എയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. യു.ഡി.എഫ് ക്യാമ്പിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി എം.പി രണ്ടിന് കൊല്ലത്തെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നേരത്തെ ജില്ലയിൽ വന്നുപോയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |