കൊല്ലം: ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾക്കുണ്ടായ തകരാർ വോട്ടെടുപ്പിന്റെ വേഗത കുറച്ചു. പലയിടങ്ങളിലും വോട്ടിംഗ് മണിക്കൂറുകളോളം വൈകി. പുതിയ യന്ത്രങ്ങൾ എത്തിച്ചിട്ടും പ്രശ്‌നം പരിഹരിക്കാനാകാത്ത സാഹചര്യം ചില ബൂത്തുകളിലുണ്ടായി. തകരാറില്ലാത്ത ഇടങ്ങളിൽ പോലും വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള 'ബീപ്' ശബ്ദം കേൾക്കാൻ വൈകുന്നത് പോളിംഗ് മന്ദഗതിയിലേക്ക് തള്ളിവിട്ടു.
കുണ്ടറ മണ്ഡലത്തിലെ പെരിനാട് ആൽഫ ഇന്റർനാഷണൽ കാഷ്യുവിലെ ബൂത്ത് നമ്പർ 29ൽ വി.വി പാറ്റ് തകരാറിലായതിനെ തുടർന്ന് മൂന്ന് യൂണിറ്റുകൾ മാറ്റി സ്ഥാപിച്ചിട്ടും ഫലമുണ്ടായില്ല. വോട്ടെടുപ്പ് പുരോഗമിക്കവെ ബാറ്ററി ചാർജ് തീർന്നതിനെ തുടർന്ന് ഇവിടെ വോട്ടിംഗ് തടസപ്പെട്ടു. പുനലൂർ നഗരസഭയിലെ ടോക് എച്ച് സ്‌കൂളിലെ 106ാം നമ്പർ ബൂത്തിൽ തുടർച്ചയായി മൂന്ന് തവണ യന്ത്രം തകരാറിലായി. പകരം സംവിധാനം ഒരുക്കാൻ വൈകിയതിൽ ഉദ്യോഗസ്ഥരും വോട്ടർമാരും തമ്മിൽ വാക്കുതർക്കമുണ്ടായി.
മലയോര മേഖലകളിലും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ മൂന്ന് ബൂത്തുകളിൽ വോട്ടിംഗ് തടസപ്പെട്ടു. ഒറ്റക്കൽ വെൽഫെയർ യു.പി സ്‌കൂൾ, തെന്മല എൽ.പി.എസ്, നെടുമ്പാറ ടി.സി.എൻ.എം സ്‌കൂൾ എന്നിവിടങ്ങളിൽ അര മുതൽ ഒരു മണിക്കൂർ വരെ വോട്ടെടുപ്പ് നിറുത്തിവയ്ക്കേണ്ടി വന്നു. ആലപ്പാട് ഏഴാം ബൂത്തിൽ രണ്ടുതവണ യന്ത്രം തകരാറിലാവുകയും പകരം വച്ച യൂണിറ്റ് പണിമുടക്കുകയും ചെയ്തതോടെ വോട്ടെടുപ്പ് താത്കാലികമായി നിർത്തിവച്ചു.
കൊട്ടാരക്കര പെരുങ്കുളം സ്‌കൂൾ, തൃക്കണ്ണമംഗൽ ബൂത്ത് 95, കോട്ടപ്പുറം സ്‌കൂൾ, അമ്പലക്കര സെന്റ് മേരീസ് എൽ.പി.എസ് എന്നിവിടങ്ങളിലും യന്ത്രത്തകരാർ മൂലം വോട്ടർമാർക്ക് കാത്തുനിൽക്കേണ്ടിവന്നു. പോരുവഴി കമ്പലടി ജി.എൽ.പി.എസ്, ചാത്തന്നൂർ പോളച്ചിറ എസ്.വൈ.എസ് യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ ബാറ്ററി തകരാറിലായതിനെ തുടർന്ന് പോളിംഗ് തടസപ്പെട്ടു.
കുണ്ടറ പെരിനാട് ജി.എച്ച്.എസ്.എസ്, നീണ്ടകര സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ, കോട്ടാത്തല പണയിൽ യു.പി സ്‌കൂൾ, എഴുകോൺ ഇടയ്ക്കിടം ജി.എൽ.പി.എസ്, കൊട്ടുകാട് എം.എൽ.പി.എസ്, പനയം കണ്ടച്ചിറ, വെളിയം ഡബ്ല്യു.എൽ.പി.എസ്, സംഘക്കട, പെരുമ്പുഴ, കുന്നത്തൂർ പെരുങ്ങാലം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലും സമാനമായ രീതിയിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. മിക്കയിടങ്ങളിലും തകരാർ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിക്കാൻ ഒരു മണിക്കൂറിലധികം സമയമെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |