കൊല്ലം: ദേശീയപാത 66 ആറുവരി വികസനത്തിന്റെ ഭാഗമായി മേവറത്തും മൈലക്കാടും കടവൂരും പില്ലറുകളിൽ ഫ്ലൈ ഓവർ നിർമ്മിക്കാൻ എൻ.എച്ച്.എ.ഐയുടെ അനുമതി. ഉയരപ്പാത തകർന്ന മൈലക്കാട് കരാർ കമ്പനി സ്വന്തം ചെലവിൽ ഫ്ലൈ ഓവർ നിർമ്മിക്കാനാണ് ധാരണ. ബാക്കി രണ്ടിടങ്ങളിലെയും നിർമ്മാണച്ചെലവ് എൻ.എച്ച്.എ.ഐ വഹിക്കും.
മൈലക്കാട് മണ്ണ് നിറച്ചുള്ള ഉയരപ്പാത തകർന്നതിന് പിന്നാലെ പ്രഖ്യാപിച്ച മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് മൂന്നിടങ്ങളിൽ ആർ.ഇ വാൾ റോഡ് അപ്രോച്ചുകൾക്ക് പകരം ഫ്ലൈ ഓവറുകൾ നിർമ്മിക്കാൻ തീരുമാനമായത്. കൂടുതൽ ഉയരത്തിൽ മണ്ണ് നിറച്ചുള്ള ആർ.ഇ വാളുള്ള 400 സ്ഥലങ്ങളിലാണ് കേരളത്തിൽ എൻ.എച്ച്.എ.ഐ മണ്ണ് പരിശോധന പ്രഖ്യാപിച്ചത്.
കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ 20 ആർ.ഇ വാളുകൾക്ക് സമീപം 30 മീറ്റർ വരെ ആഴത്തിൽ മണ്ണ് തുരന്ന് സാമ്പിൾ ശേഖരിച്ചായിരുന്നു പരിശോധന. ഒരു ആർ.ഇ വാളിനടുത്ത് മൂന്ന് മുതൽ അഞ്ച് വരെ സ്ഥലങ്ങളിലാണ് മണ്ണ് പരിശോധന നടത്തിയത്. മേവറം, കാവനാട്, മൈലക്കാട് എന്നിവിടങ്ങളിൽ പരിശോധനയിൽ മണ്ണിന് ബലക്കുറവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഫ്ലൈ ഓവറിനുള്ള ശുപാർശ നൽകിയത്. മറ്റിടങ്ങളിലെ പരിശോധന ഫലം പൂർണമായും വന്നിട്ടില്ല.
സെറ്റിൽമെന്റ് കരാർ ഒപ്പിട്ടു
നിർമ്മാണ ചെലവിൽ ധാരണയാകാത്തതിനാൽ കരാർ കമ്പനിയും എൻ.എച്ച്.എ.ഐയും തമ്മിൽ സെറ്റിൽമെന്റ് കരാർ ഒപ്പുവച്ചു
ഈ കരാറിന്റെ അടിസ്ഥാനത്തിൽ കരാർ കമ്പനി നിർമ്മാണം നടത്തും
പിന്നീട് ചെലവിൽ ധാരണയാകും
മൈലക്കാട് ഉയരപ്പാത തകർന്നതിന്റെ ഭാഗമായി കരാർ കമ്പനിയെ ഡീ ബാർ ചെയ്യാതിരിക്കാനാണ് സ്വന്തം ചെലവിൽ ഫ്ലൈ ഓവർ നിർമ്മിക്കുന്നതെന്നാണ് സൂചന
മൂന്ന് ഫ്ലൈ ഓവറുകളും 2027 ജൂണിന് മുമ്പ് പൂർത്തിയാക്കാനാണ് കരാർ
മൈലക്കാട്
നിലവിലെ 30 മീറ്റർ സ്പാനിന് പുറമേ 120 മീറ്റർ
30 മീറ്റർ വീതമുള്ള നാല് സ്പാൻ കൊട്ടിയം ഭാഗത്തേക്ക്
മേവറം
നിലവിലെ 30 മീറ്ററിന് പുറമേ 160 മീറ്റർ
80 മീറ്റർ വീതം ഇരുവശത്തേക്കും
കടവൂർ
440 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |