SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.41 AM IST

പാചകവാതക വിതരണത്തിൽ നിയന്ത്രണം: സിലിണ്ടർ ബുക്കിംഗ് ഇടവേളകളിൽ മാറ്റം

Increase Font Size Decrease Font Size Print Page

​കൊല്ലം: ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇറാൻ-ഇസ്രായേൽ യുദ്ധത്തെ തുടർന്നുള്ള ഊർജ്ജ പ്രതിസന്ധിയും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തിൽ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സിലിണ്ടറുകൾ അനാവശ്യമായി ബുക്ക് ചെയ്ത് കൂട്ടിവയ്ക്കുന്നത് ഒഴിവാക്കാനും വിതരണ ശൃംഖല സുഗമമാക്കാനുമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പടെയുള്ള കമ്പനികൾ ബുക്കിംഗ് നടപടികൾ പരിഷ്കരിച്ചത്. പുതിയ നിബന്ധന പ്രകാരം നഗരപ്രദേശങ്ങളിൽ ഒരു സിലിണ്ടർ ലഭിച്ചാൽ അടുത്ത ബുക്കിംഗിനായി 25 ദിവസം കാത്തിരിക്കണം. ഗ്രാമപ്രദേശങ്ങളിലും വിദൂര മേഖലകളിലും ഈ ഇടവേള 45 ദിവസമായിരിക്കും.

​ഉപഭോക്താക്കളുടെ കണക്ഷൻ തരത്തിന് അനുസരിച്ചും നിയന്ത്രണങ്ങളിൽ വ്യത്യാസമുണ്ട്. നിലവിൽ ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് 25 ദിവസത്തിന് ശേഷം റീഫിൽ സാദ്ധ്യമാകുമ്പോൾ, ഇരട്ട സിലിണ്ടർ കണക്ഷൻ ഉള്ളവർക്ക് 45 ദിവസം കഴിഞ്ഞാൽ മാത്രമേ അടുത്ത അപേക്ഷ നൽകാൻ സാധിക്കൂ. കേന്ദ്ര സർക്കാരിന്റെ ഉജ്ജ്വല യോജന പദ്ധതി പ്രകാരം കണക്ഷൻ എടുത്തവർക്ക് നഗര-ഗ്രാമ ഭേദമന്യേ 45 ദിവസത്തെ ഇടവേള നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ഇവർക്ക് വർഷത്തിൽ ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ൽ നിന്ന് ഒൻപതാക്കി കുറയ്ക്കുകയും ചെയ്തു.
​ചെറു സിലിണ്ടറുകളുടെ വിതരണത്തിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അഞ്ച് കിലോ സിലിണ്ടറുകൾക്ക് നഗരങ്ങളിൽ ഒൻപത് ദിവസവും ഗ്രാമങ്ങളിൽ 16 ദിവസവുമാണ് ബുക്കിംഗ് ഇടവേള. പത്ത് കിലോയുടെ കോമ്പോസിറ്റ് സിലിണ്ടറുകൾക്ക് നഗരങ്ങളിൽ 18 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസവും കാത്തിരിക്കണം. നിശ്ചിത കാലാവധിക്ക് മുമ്പ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ സിസ്റ്റം ആ അപേക്ഷകൾ സ്വയമേവ നിരസിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബുക്കിംഗിന് പുതിയ നമ്പർ

​സിലിണ്ടർ ബുക്കിംഗിനായി ഏജൻസികളിൽ നേരിട്ട് വിളിക്കുന്നതിന് പകരം ഐ.വി.ആർ.എസ്, മിസ്ഡ് കോൾ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് കമ്പനികൾ നിർദ്ദേശിക്കുന്നു. എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾക്ക് 9222201122 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചും ബുക്ക് ചെയ്യാം. രാജ്യത്ത് നിലവിൽ ആവശ്യത്തിന് ഗ്യാസ് സ്റ്റോക്കുണ്ടെന്നും അതിനാൽ പരിഭ്രാന്തരായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ അറിയിച്ചു. മുമ്പ് സിലിണ്ടർ ഡെലിവറി ചെയ്ത തീയതി മുതൽ പുതിയ ബുക്കിംഗ് വരെയുള്ള കാലാവധിയാണ് നിയന്ത്രണത്തിനായി പരിഗണിക്കുന്നത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.