32 സ്ഥാപനങ്ങൾക്ക് നോട്ടീസ്
കൊല്ലം: വൃത്തിയും വെടിപ്പുമില്ലാതെ വേനൽക്കാലത്ത് മുളച്ചുപൊങ്ങുന്ന ജ്യൂസ് കടകൾക്കെതിരെ വടിയെടുത്ത് ഭക്ഷ്യസുരക്ഷാവകുപ്പ്. ഐസ് ഫാക്ടറികൾ, കുടിവെള്ള, ശീതളപാനീയ ശാലകൾ എന്നിവിടങ്ങളിലെല്ലാം വ്യാപക പരിശോധനപുരോഗമിക്കുകയാണ്.
കഴിഞ്ഞ മാർച്ച് 1 മുതൽ 18 വരെ 289 പരിശോധകളാണ് നടത്തിയത്. 32 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും (തിരുത്തൽ നോട്ടീസ്) 17 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും (പിഴയടയ്ക്കാൻ അറിയിപ്പ്) നൽകി. ജ്യൂസ്, സർബത്ത്, ശീതളപാനീയം എന്നിവയുടെ 48 സർവൈലൻസ് സാംപിളുകളും പാക്കേജ് ഡ്രിങ്കിംഗ് വാട്ടറുകളുടെ 12 സർവൈലൻസ് സാംപിളുകളും ജ്യൂസുകളുടെ 3 സ്റ്റാറ്ര്യൂട്ടറി സാംപിളുകളും ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ.അനലിസ്റ്റ്സ് ലാബിലേക്ക് അയച്ചു. ഇവയുടെ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക്, നിയമലംഘനം ബോദ്ധ്യപ്പെട്ടാൽ തുടർനടപടികൾ സ്വീകരിക്കും. തുറന്ന നിലയിൽ വെള്ളം കൊണ്ടുപോവുക, വെയിൽ ഏൽക്കുന്ന തരത്തിൽ കുപ്പിവെള്ളം തൂക്കിയിട്ട് വിൽപ്പന നടത്തുക എന്നിവയ്ക്ക് പിഴ ഈടാക്കും.
വേണം ലൈസൻസ്
റോഡുവക്കിലായാലും കടകളിലായാലും ജ്യൂസ് അല്ലെങ്കിൽ ശീതള പാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്‌ട്രേഷനോ നിർബന്ധമാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതും സുരക്ഷിതവുമായിരിക്കണം. കൂടാതെ, ജോലിക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ ഉണ്ടായിരിക്കണം. ഭക്ഷ്യസുരക്ഷാവകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലിറ്റിക്കൽ ലാബിൽ പരിശോധിച്ച് വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഈ റിപ്പോർട്ടും കടയിൽ സൂക്ഷിക്കേണ്ടതുണ്ട്. വെള്ളം ഉൾപ്പെടെ കടയിൽ സൂക്ഷിക്കുന്ന സാധനങ്ങൾ ഫുഡ്‌ഗ്രേഡ് പാത്രത്തിൽ അടച്ചു സൂക്ഷിക്കണം. മുറിച്ച പഴങ്ങളും മറ്റും അധികസമയം ഫ്രീസറിൽ വയ്ക്കരുതെന്നും നിർദ്ദേശിക്കുന്നുണ്ട്. ഗുണനിലവാരമുള്ള പഴങ്ങൾ മാത്രമേ ജ്യൂസിന് ഉപയോഗിക്കാവൂ. കേടുവന്നതും പഴകിയതും പൂപ്പൽ വന്നതുമായ ഒന്നും ഉപയോഗിക്കാൻ പാടില്ലെന്നും
നിർദ്ദേശങ്ങളിലുണ്ട്.
വേണം ജാഗ്രത
ശീതളപാനീയങ്ങൾ കഴിവതും ഒഴിവാക്കുക
വെയിൽ അടിക്കുന്ന തരത്തിൽ വച്ചിട്ടുള്ള കുടിവെള്ളം, ശീതളപാനീയങ്ങൾ എന്നിവ ഉപയോഗിക്കരുത്
കുപ്പിവെള്ളം വാങ്ങുമ്പോൾ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക
ജ്യൂസ് ഉണ്ടാക്കാൻ ശുദ്ധമായ സ്രോതസിൽ നിന്ന് തന്നെ വെള്ളമെടുക്കണം
ഭക്ഷണ പാഴ്സലുകളിൽ നിർമ്മാണ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിക്കണം
ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക
നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്
ഫ്രഷ് ജൂസ്, കട്ട്സ് ഫ്രൂട്ട്സ് എന്നിവ ഉപയോഗിക്കാം
ഐസ് ശുദ്ധജലത്തിൽ മാത്രമേ നിർമ്മിക്കാവൂ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |