SignIn
Kerala Kaumudi Online
Sunday, 31 May 2026 3.21 AM IST

തൊഴിലാളി ക്ഷാമം രൂക്ഷം, കയറിന്റെയും ഇഴയറ്റു

coir

കൊല്ലം: കടുത്ത തൊഴിലാളി ക്ഷാമത്തെ തുടർന്ന് ജില്ലയിലെ കയർ മേഖലയുടെ ഇഴയറ്റു. കൂലി ലഭിക്കാനുള്ള താമസവും വേതനക്കുറവുമാണ് തൊഴിലാളികൾ കൂട്ടത്തോടെ രംഗം വിടാൻ കാരണം. മുമ്പ് 20 തൊഴിലാളികൾ വരെ സ്ഥിരമായി ഉണ്ടായിരുന്ന ജില്ലയിലെ പല സംഘങ്ങളിലും നിലവിൽ മൂന്ന് തൊഴിലാളികൾ മാത്രമാണ് അവശേഷിക്കുന്നത്.

പ്രതാപകാലത്ത് പതിനായിരത്തിലധികം കുടുംബങ്ങൾക്ക് അത്താണിയായിരുന്ന മേഖലയാണിത്. അന്ന് ജില്ലയിൽ 190 കയർ സഹകരണ സംഘങ്ങൾ വരെ പ്രവർത്തിച്ചിരുന്നു. നിലവിൽ 85 സംഘങ്ങൾ ഓദ്യോഗികമായുണ്ടെങ്കിലും 59 സംഘങ്ങൾ മാത്രമാണ് നാമമാത്രമായി പ്രവർത്തിക്കുന്നത്. 20 സംഘങ്ങൾ ലിക്വിഡേഷൻ നടപടികളിലാണ്.

നിലവിൽ കയറിന് നല്ല വിലയുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി കയർഫെഡിൽ നിന്ന് പണം ലഭിക്കാൻ വലിയ താമസമാണ് നേരിടുന്നത്. കേരളത്തിൽ പച്ച ചകിരി കിട്ടാത്തതിനാൽ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് ചകിരിനാര് എത്തിക്കുന്നത്. എന്നാൽ ജില്ലയിലെ ചില സംഘങ്ങൾക്ക് ഒഴികെ ബാക്കി ഒന്നിനും സ്വന്തമായി ചകിരി കുതിർക്കാനുള്ള സൗകര്യവുമില്ല. ഇതോടെ, ഇടനിലക്കാരിൽ നിന്ന് കൂടുതൽ പണം നൽകി വാങ്ങേണ്ട അവസ്ഥയാണ്.

വരുമാനമില്ല, തൊഴിലുറപ്പിൽ ചേക്കേറി

 കുറഞ്ഞ കൂലിപോലും സമയത്ത് ലഭിക്കാത്തതിനാൽ തൊഴിലാളികളിൽ ഭൂരിഭാഗവും തൊഴിലുറപ്പിലേക്ക് ചേക്കേറി

 തൊഴിലുറപ്പ് ഇല്ലാത്ത ദിവസങ്ങളിൽ കയർ പിരിക്കാനെത്തും

 400 രൂപ കൂലി ലഭിക്കണമെങ്കിൽ 15 മീറ്റർ നീളമുള്ള 100 മുടി കയർ പിരിക്കണം

 ചകിരി മോശമായാൽ വൈകുന്നേരം 4 കഴിഞ്ഞാലും ജോലി തീരില്ല

 അദ്ധ്വാനഭാരവും ഇരട്ടിച്ചു

 ഉൽപ്പാദനം കുറഞ്ഞത് സംഘം ജീവനക്കാരെയും ബാധിച്ചു

വാർഷിക ഉൽപ്പാദനം കുറഞ്ഞു

വാർഷിക ഉൽപ്പാദനം 100 ക്വിന്റലിന് താഴെയാണെങ്കിൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന 5000 രൂപ ഗ്രാന്റ് ലഭിക്കില്ല. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഘങ്ങളിലെ സെക്രട്ടറിയുടെ മാസവരുമാനം വെറും 12131 രൂപ മാത്രമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച യന്ത്രങ്ങൾ കോവിഡോടെ കട്ടപ്പുറത്തായി.

തൊഴിലാളി ക്ഷാമം പരിഹരിക്കാനും പരമ്പരാഗത മേഖലയെ സംരക്ഷിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം.

കയർ സംഘങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL