SignIn
Kerala Kaumudi Online
Monday, 01 June 2026 5.03 AM IST

എം.സി റോഡരികിൽ കുപ്പിവളക്കിലുക്കം

photo

കൊല്ലം: പൊന്നിൻ വില കുതിക്കുമ്പോൾ പെൺമനസുകളിൽ കുപ്പിവളക്കിലുക്കം തിരികെയെത്തുന്നു. കല്യാണ പന്തലുകളിലും ആഘോഷങ്ങളിലും സ്വർണപ്പകിട്ടിനോട് മത്സരിക്കാൻ പുതുതലമുറ കുപ്പിവളകളെ നെഞ്ചേറ്റുകയാണ്. എം.സി റോഡരികിൽ കൊട്ടാരക്കര മൈലത്തിനടുത്ത് 'മിഷ്ക ബാംഗിൾസ്' ഷോറൂമിൽ ആയിരത്തിലധികം വ്യത്യസ്ത ഇനം കുപ്പിവളകളാണ് ആവശ്യക്കാരെ കാത്തിരിക്കുന്നത്.

ബാലരാമപുരം സ്വദേശിയായ കണ്ണനാണ് (55) പല വർണങ്ങളിലും രൂപങ്ങളിലും വ്യത്യസ്ത വലിപ്പത്തിലുമുള്ള കുപ്പിവളകൾ മിഷ്കയിലൊരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് വളകൾ പ്രധാനമായും എത്തിക്കുന്നത്. ഒരു തവണ 30000 രൂപയുടെ പർച്ചേസ് ചെയ്യും. പൊട്ടിപ്പോകാൻ സാദ്ധ്യതയേറെയുള്ളതിനാൽ അതീവ ശ്രദ്ധയോടെ ട്രാവൽസ് വഴിയാണ് കൊട്ടാരക്കരയിലെത്തിക്കുന്നത്. ഒരു ഡസൻ വളകൾക്ക് 40 മുതൽ 300 രൂപവരെയാണ് വില.

രാവിലെ 9.30ന് കട തുറന്നാൽ രാത്രി 9ന് അടയ്ക്കുന്നതുവരെയും മിഷ്കയിൽ തിരക്കൊഴിയില്ല. വഴിപോക്കരുടെ കണ്ണും മനസും കവർന്ന കുപ്പിവളക്കട ഒരു പുതിയ വിപണന മാതൃകയാവുകയാണ്.

തുടക്കം ഉത്സവപ്പറമ്പിൽ നിന്ന്

ബാലരാമപുരത്ത് കൈത്തറി തൊഴിലാളിയായിരുന്ന കണ്ണൻ മുപ്പത് വർഷം മുമ്പ് കൊട്ടാരക്കര താമരക്കുടി ശർമ്മാലയത്തിൽ ശശികലയെ വിവാഹം ചെയ്തതോടെയാണ് ഇവിടെ താമസം ഉറപ്പിച്ചത്. ദീർഘകാലം ഉത്സവപ്പറമ്പുകളിൽ വളയും കമ്മലുമൊക്കെ വിറ്റായിരുന്നു ഉപജീവനം. ആഗ്രഹിച്ച വളകൾ കിട്ടാതെ പെൺകുട്ടികൾ നിരാശയോടെ മടങ്ങുന്നത് കണ്ടപ്പോഴാണ് ഒരു സ്പെഷ്യൽ ഷോറൂം എന്ന ആശയം മനസിലെത്തിയത്. ഭാര്യ ശശികലയും മക്കളായ വിഘ്നേഷ് ശർമ്മയും വൈഷ്ണവി ശർമ്മയും പിന്തുണ നൽകിയതോടെ രണ്ടുമാസം മുമ്പ് മിഷ്ക ബാംഗിൾസ് പ്രവർത്തനം ആരംഭിച്ചു.

ആവശ്യക്കാരേറെ...

 വഴിയാത്രക്കാരാണ് കണ്ണന്റെ കസ്റ്റമേഴ്സിൽ അധികവും

 കല്യാണം, വളകാപ്പ്, പേരിടൽ ചടങ്ങുകളിൽ വളക്കിലുക്കം കൂടും

 സ്വർണവില സാധാരണക്കാരന്റെ കൈയെത്താ ദൂരത്ത്

 പരമ്പരാഗത ശൈലിയിലേക്ക് പുതുതലമുറ മടങ്ങുന്നു

ഒരു ഡസൻ വളകൾക്ക്

₹ 40 - 300

ഓണവും സ്കൂൾ കലോത്സവങ്ങളുമൊക്കെ എത്തുമ്പോഴേക്കും ഷോറൂം വിപുലമാക്കാനാണ് തീരുമാനം.

കണ്ണൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL