കൊല്ലം: ജില്ലയിൽ പരക്കെ ശക്തമായ മഴ തുടരുന്നു. ശാസ്താംകോട്ട മനക്കര ദേവുഭവനിൽ മിനിയുടെ വീട് ഭാഗികമായി തകർന്നു. കിഴക്കൻ മേഖലകളിൽ മഴയ്‌ക്കൊപ്പം അതിശക്തമായ ഇടിയും മിന്നലും കാറ്റും ജനജീവിതത്തെ ഭീതിയിലാക്കിയിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
അടുത്ത മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലും തമിഴ്‌നാട്ടിലും എത്തുന്നതിന് അനുകൂല സാഹചര്യമാണുള്ളതെന്നും ബുധനാഴ്ചയോടെ കാലവർഷം കേരളത്തിൽ തൊടുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കാലവർഷം എത്തുന്ന ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണഅട്.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയും മദ്ധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയിൽ നിന്ന് ലക്ഷദ്വീപ് വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയുമാണ് മഴയെ സ്വാധീനിക്കുന്നത്. ഇതിന്റെ ഫലമായി തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.
കൂടാതെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്‌നാട്, ശ്രീലങ്ക, ആന്ധ്ര പ്രദേശ് തീരങ്ങൾ, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ജില്ലകളിൽ ഓറഞ്ച് അലർട്ട്
ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |