കൊല്ലം: പച്ചക്കറി വില കുതിച്ചുയരുന്നത് സാധാരണക്കാരന്റെ അടുക്കളയെ പൊള്ളിക്കുന്നു. തമിഴ്നാട്ടിലെ വിളവെടുപ്പ് സീസൺ അവസാനിച്ചതും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതുമാണ് വിപണിയിൽ വില കുതിച്ചുയരാൻ കാരണം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പച്ചക്കറി വിലയിൽ വൻ വർദ്ധനവാണുണ്ടായത്. വെളുത്തുള്ളി, ഇഞ്ചി, മുരിങ്ങയ്ക്ക എന്നിവയുടെ വില വർദ്ധന താങ്ങാൻ പറ്റാതായി. വെളുത്തുള്ളി 140 രൂപയിൽ നിന്ന് 250 രൂപയിലേക്കും, ഇഞ്ചി 140 രൂപയിൽ നിന്ന് 350 രൂപയിലേക്കും കുതിച്ചു.
കാന്താരി മുളക് റെക്കോർഡ് ഭേദിച്ച് 500 രൂപയ്ക്ക് മുകളിലെത്തി. അതേസമയം, സവാളയും കിഴങ്ങും 3 കിലോയ്ക്ക് 100 രൂപ, തക്കാളി 50 രൂപ, പച്ചമുളക് 75 രൂപ എന്നിങ്ങനെയാണ് വില. ബീൻസ് വില 160ൽ നിന്ന് 100 രൂപയിലേക്ക് കുറഞ്ഞതാണ് ഏക ആശ്വാസം.
അതേസമയം പല കടകളിലും വലിയ വില വ്യത്യാസമുണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വിപണിയിൽ ഏകീകൃത വില സംവിധാനമോ കർശനമായ വില നിയന്ത്രണമോ ഇല്ലാത്തത് ചൂഷണത്തിനും ഇടയാക്കിയിട്ടുണ്ട്. മൊത്തവ്യാപാരികളിൽ നിന്ന് ചില്ലറ വ്യാപാരികളിലേക്ക് സാധനങ്ങളെത്തുമ്പോൾ അമിതമായ വിലയാണ് ഈടാക്കുന്നത്.
വിപണി ഇടപെടൽ അനിവാര്യം
തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും, ആവശ്യകത കൂടുന്നതും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. വൻകിട മാളുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കാന്താരി മുളകിന് 600 മുതൽ 1000 രൂപ വരെയാണ് ഈടാക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ അടിയന്തര വിപണി ഇടപെടലുകൾ ഉണ്ടാകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ഇനം, പഴയ വില, നിലവിൽ
വെളുത്തുള്ളി ₹140, 250
ഇഞ്ചി ₹140, 350
മുരിങ്ങയ്ക്ക ₹80, 140
ക്യാരറ്റ് ₹50, 80
ഏത്തക്കായ ₹22, 40
പടവലങ്ങ ₹30, 50
പയർ ₹50, 60
ചുവന്നുള്ളി ₹50, 80
വെള്ളരി ₹20/22, 40
കാബേജ് ₹40, 50
പച്ചമാങ്ങ ₹30, 40
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |