SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.16 AM IST

വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ട് ... തീയതി അടുത്തെത്തിയിട്ടും തീരുമാനമാകുന്നില്ല

charcha
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചർച്ച

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചർച്ച നടത്തി

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ടിന്റെ എതിരേല്പ് വിവാദമായ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ സമുദായസംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി.

മഹാദേവക്ഷേത്രത്തിൽ ഏപ്രിൽ 2ന് തുടങ്ങുന്ന വടക്കുപുറത്തുപാട്ട് നടക്കുന്ന 12 ദിവസങ്ങളിലും ക്ഷേത്രത്തിലെ വടക്കേനടയിലെ കൊച്ചാലുംചുവട് ദേവീ സങ്കേതത്തിൽ നിന്നും ക്ഷേത്രമുറ്റത്തെ വടക്കുപുറത്ത്പാട്ട് പന്തലിലേക്ക് ദേവിയെ എതിരേല്ക്കുന്ന ചടങ്ങുണ്ട്. വൃതമെടുത്ത 64 സ്ത്രീകൾ കുത്തുവിളക്കേന്തിയാണ് ദേവിയെ എതിരേറ്റ് എഴുന്നള്ളിക്കുക. മുൻകാലങ്ങളിൽ ആദ്യത്തെ 6 ദിവസങ്ങൾ എൻ.എസ്.എസിനും തുടർന്നുള്ള മൂന്ന് ദിവസം ധീവര സഭയ്ക്കും ഒരു ദിവസം എസ്.എൻ.ഡി.പി യോഗത്തിനും പിന്നീടുള്ള ദിവസങ്ങളിൽ മറ്റുള്ളവർക്കുമായിരുന്നു എതിരേല്പിന് അവസരം.

എന്നാൽ ഇക്കുറി എല്ലാ സമുദായങ്ങളിൽ നിന്നുമുള്ളവർ തുല്യപങ്കാളിത്തത്തോടെ എതിരേല്പ് നടത്തിയാൽ മതിയെന്നാണ് വടക്കുപുറത്ത് പാട്ട് കമ്മിറ്റി തീരുമാനിച്ചത്. കാലങ്ങളായി നിലനിന്നിരുന്ന അവകാശങ്ങൾ ഒറ്റയടിക്ക് നഷ്ടമായത് എൻ.എസ്.എസിന് വലിയ തിരിച്ചടിയായി. എൻ.എസ്.എസ് ദേവസ്വം ബോർഡിന് പരാതി നൽകിയതിനെ തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് യോഗം വിളിച്ചു ചേർത്തത്. വടക്കുപുറത്ത് പാട്ട് കമ്മറ്റിക്ക് ഏകപക്ഷീയമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും ദേവസ്വം ബോർഡാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു എൻ.എസി.എസിന്റെ പരാതി. ദേവസ്വം ബോർഡിന്റെ തീരുമാനം പിന്നീട് അറിയിക്കും.

എൻ.എസ്.എസ് നിലപാട്

കീഴ്‌വഴക്കം അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം പൂർണ്ണമായും സമുദായ സംഘടകളെ ഒഴിവാക്കി എതിരേല്പ് നടത്തണമെന്നുമാണ് എൻ.എസ്.എസ് ചർച്ചയിൽ ആവശ്യപ്പെട്ടത്.

എതിരേല്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്ത്രീകളെ പേര് നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഓരോദിവസവും തിരഞ്ഞെടുക്കണമെന്നും എൻ.എസ്.എസ്.നിർദ്ദേശിച്ചു.

മറ്റ് സംഘടനകൾ പറഞ്ഞത്

ജനാധിപത്യപരമായി തിരഞ്ഞെടുത്ത വടക്കുപുറത്തുപാട്ട് കമ്മറ്റി ഏകകണ്ഠമായി എടുത്ത തീരുമാനം അട്ടിമറിക്കാൻ ദേവസ്വം ബോർഡിന് അവകാശമില്ലെന്നും ആ തീരുമാനം നടപ്പിലാക്കണമെന്നുമായിരുന്നു മറ്റ് സമുദായ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്പർ അഡ്വ.എ.അജികുമാർ, വടക്കുപുറത്ത് പാട്ട് കമ്മറ്റി ജനറൽ സെക്രട്ടറി പി.സുനിൽകുമാർ, സെക്രട്ടറി എം.വി.സനൽ, വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം.നായർ, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് എം.പി.സെൻ, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, സെക്രട്ടറി വി.എം.ഷാജി, കെ.പി.എം.എസ് യൂണിയൻ സെക്രട്ടറിമാരായ എം.കെ.രാജു, മോഹനൻ പേരേത്തറ, ജോ.സെക്രട്ടറി എസ്.ഷാജി, പട്ടാര്യസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ബാബു, വൈക്കം താലൂക്ക് പ്രസിഡന്റ് എം.വി.ശിവകുമാർ, വണിക വൈശ്യ സംഘം വൈക്കം ശാഖ പ്രസിഡന്റ് വി.ആർ.ഗിരി, എസ്.എൻ.ഡി.പി യോഗം വൈക്കം ടൗൺ ശാഖാ സെക്രട്ടറി കെ.കെ.വിജയപ്പൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

''ആചാര്യൻ മന്നത്ത്പത്മനാഭന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് എൻ.എസ്.എസിന് എക്കാലത്തുമുള്ളത്. ജാതി വിവേചനത്തിന് എൻ.എസ്.എസ് എതിരാണ്. കാലങ്ങളായി തുടർന്നിരുന്ന ആചാരങ്ങൾ പെട്ടെന്ന് നിഷേധിക്കപ്പെടുന്നത് ഭക്തജനങ്ങളിൽ വേദനയുണ്ടാക്കും. എന്നാൽ പൊതുസമൂഹത്തിനെതിരായ നിലപാട് എൻ.എസ്.എസിനില്ല. ക്ഷേത്രകാര്യങ്ങളിൽ തീരമാനമെടുക്കാനുള്ള അധികാരം ഭരണഘടനാസ്ഥാപനമായ ദേവസ്വം ബോർഡിന് മാത്രമാണുള്ളത്. ബോർഡിന്റെ തീരുമാനം അംഗീകരിക്കും. ജാതിയുടെ അടിസ്ഥാനത്തിലുള്ള എല്ലാ ആചാരങ്ങളും നിർത്തലാക്കണമെന്നും ഭക്തജനങ്ങൾ എന്ന പരിഗണനമാത്രമാണ് വേണ്ടതെന്നുമാണ് എൻ.എസ്.എസിന്റെ അഭിപ്രായം.

പി.ജി.എം നായർ

എൻ.എസ്.എസ് വൈക്കം താലൂക്ക് യൂണിയൻ ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, VADAKKUPURATHU PATTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL