
കോട്ടയം : ഒരു മന്ത്രി, ഒരു സ്പീക്കർ. മുഖ്യമന്ത്രിയടക്കം പത്ത് വർഷം മുൻപ് മന്ത്രിമാരാൽ സമ്പന്നമായിരുന്ന ജില്ലയ്ക്ക് പ്രതീക്ഷിച്ച പരിഗണന കിട്ടിയില്ലെങ്കിലും കോട്ടയത്തിന്റെ വികസന ആവശ്യങ്ങൾ കുന്നുപോലെയാണ്. എല്ലാ നഗരസഭകളും ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശ സ്ഥാപനങ്ങളും യു.ഡി.എഫ് ഭരിക്കുന്നതിനാൽ കൂടുതൽ പദ്ധതികൾ ജില്ലയിലെത്തുമെന്നാണ് പ്രതീക്ഷ. ഇടതുസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ രാഷ്ട്രീയ വിരോധത്തിൽ മുടങ്ങരുതെന്ന് ജനം ആവശ്യപ്പെടുന്നതിനൊപ്പം മുടങ്ങിപ്പോയ പദ്ധതികൾക്ക് ജീവൻവയ്ക്കുമെന്ന പ്രതീക്ഷയുമുണ്ട്. ആകാശപ്പാതയും ശബരി റെയിലും എരുമേലി വിമാനത്താവളവും റബർ അധിഷ്തഠി വ്യവസായ പാർക്കുമൊക്കെയായി ആകാശത്തോളം വികസന പ്രതീക്ഷയുണ്ട്. ആകാശപ്പാതയ്ക്ക് പുതുമുഖമേകുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻപേ പറഞ്ഞിട്ടുണ്ട്.
കായിക കോളേജ്
തിരുവഞ്ചൂർ കായികമന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച കായിക കോളേജ് പിന്നീട് മുന്നോട്ടു പോയില്ല. നാശത്തിലായ പാലാ സിന്തറ്റിക് ട്രാക്ക് നവീകരണവും കോട്ടയം നെഹ്റു സ്‌റ്റേഡിയം നവീകരണം, ഇൻഡോർ സ്റ്റേഡിയം നവീകരണവും കായിക മേഖലകളിലെ പ്രതീക്ഷകളാണ്.
പറന്നുയരുമോ
നേരേക്കടവ് മാക്കേക്കടവ് പാലവും, എരുമേലിയിലെ വിമാനത്താവളവും, ശബരി റെയിൽ തുടർ പ്രവർത്തനവും പൂർത്തിയാക്കാനുള്ള ബൈപ്പാസുകളും, കോട്ടയം,ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി മണ്ഡലങ്ങളിലെ ജലപാതകൾ നവീകരണവും ആഴംകൂട്ടലും ടൂറിസം മേഖലയ്ക്കും ഏറെ ഗുണകരമാകും.
ടൂറിസം
ജില്ലയുടെ പ്രധാന വരുമാന മാർഗമായ വിനോദ സഞ്ചാരത്തിനായി വ്യത്യസ്ത പദ്ധതികളും പ്രതീക്ഷിക്കുന്നു. കായൽ, മലയോര ടൂറിസം കൂടുതൽ ആകർഷമാക്കാനും തദ്ദേശീയർക്ക് പ്രയോജനം ലഭിക്കുന്നതുമായ പദ്ധതികളിലാണ് പ്രതീക്ഷ.
റബറിന് താങ്ങ്
ആദ്യ ക്യാബിനറ്റ് യോഗത്തിൽ കിലോയ്ക്ക് 250 രൂപ പ്രഖ്യാപിക്കുമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തെങ്കിലും റബറിന് ഇപ്പോൾ അതിലേറെ വിലയുള്ളതിനാൽ റബർ മേഖലയ്ക്ക് കൂടുതൽ കരുത്തുണ്ടാകുന്ന പദ്ധതികളിലാണ് പ്രതീക്ഷ. വെള്ളൂരിലെ റബർ പാർക്കിനെ സർക്കാർ പ്രോത്സാഹിപ്പിക്കുമോ, കൂടുതൽ റബർ അധിഷ്ഠിത വ്യവസായങ്ങൾ വരുമോയെന്നും കർഷകർ കാതോർക്കുന്നു. നെല്ല് സംഭരണത്തിനായി മുൻ സർക്കാർ നിശ്ചയിച്ച രീതി തുടരുമോ, കിടങ്ങൂരിലെ നിർദിഷ്ട നെല്ലുസംഭരണ കേന്ദ്രത്തെ പ്രോത്സാഹിപ്പിക്കുമോ തുടങ്ങിയ ചോദ്യങ്ങളും അവശേഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |