അയ്മനത്തെ ഒരു ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച ആൾ മരിച്ചതോടെ ആരോഗ്യ വകുപ്പ് അധികൃതരുടെ മിന്നൽ അടുക്കള പരിശോധനയിൽ ഷാപ്പ് മാത്രം പോര മുന്തിയ ഹോട്ടലുകളുടെ അടുക്കളയും പരിശോധിക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്. അനാരോഗ്യകരമായ സാഹചര്യത്തിലാണ് പല മുന്തിയ ഹോട്ടലുകളുടെയും അടുക്കള. എന്നും മിച്ചം വരുന്ന മത്സ്യ , മാംസ ഭക്ഷണം ഫ്രീസറിൽ വച്ച് ചൂടാക്കി പല തവണ ഉപയോഗിക്കുന്നവരാണ് നക്ഷത്ര ഹോട്ടലുകൾ വരെ.
പുറത്തെ പകിട്ടുള്ള പല റസ്റ്റോറന്റുകളുടെയും അടുക്കള പരിശോധിച്ചാൽ പഴകിയതും പൂപ്പൽ പിടിച്ചതുമായ ആഹാരസാധനങ്ങൾ കണ്ടെത്താനാകും. നക്ഷത്ര എണ്ണം കൂടുന്നതനുസരിച്ച് വേണ്ടപ്പെട്ടവരെ വേണ്ടരീതിയിൽ കണ്ടാൽ ഇവിടെ പരിശോധന നടത്താൻ ആരം ധൈര്യം കാണിക്കാറില്ല. പല കള്ളുഷാപ്പുകളും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഭക്ഷ്യ വിഷബാധമൂലം ഒരാൾ മരിച്ചതോടെയാണ് പരിശോധന നടന്നത്. അതിന് മുമ്പ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തായിരുന്നു പണിയെന്നാണ് നാട്ടുകാർക്ക് ചോദിക്കാനുള്ളത്. എന്തെങ്കിലും വാർത്തയായി പൊതുചർച്ചയായാൽ മാത്രം പരിശോധന അല്ലെങ്കിൽ ഒരു പരിശോധനയും ഇല്ല. ഷാപ്പുകൾക്കും ഹോട്ടലുകൾക്കും ലൈസൻസ് കൊടുക്കുന്നവർക്ക് വൃത്തിയുള്ള അന്തരീക്ഷത്തിലാണോ ആഹാരസാധനങ്ങൾ പാകം ചെയ്യുന്നതെന്നും പഴകാത്ത ഭക്ഷണമാണോ കൊടുക്കുന്നതെന്നും നിരന്തരം പരിശോധിക്കാൻ കഴിയണം. കൃത്യമായ പടി വാങ്ങി പരിശോധന വഴിപാടാക്കുന്നവരാണ് പല ഉദ്യോഗസ്ഥരും.
വല്ലപ്പോഴും പിടിച്ചെടുക്കുന്ന ആഹാരസാധനങ്ങൾ പാത്രങ്ങളിൽ നിരത്തി വച്ച് പിന്നിൽ ഉദ്യോഗസ്ഥർ ചിരിച്ചു നിരന്നു നിൽക്കുന്ന ഫോട്ടോ മാദ്ധ്യമങ്ങളിൽ വരുത്താൻ ശ്രമിക്കും. എന്നാൽ ഹോട്ടലുകളുടെ പേര് വെളിപ്പെടുത്തില്ല. അയ്മനത്തെയും കുമരകത്തെയും പല ഷാപ്പുകളും അടപ്പിച്ചെങ്കിലും ഏതൊക്കെ യെന്നു പറയില്ല. ഇനി പേര് വെളുപ്പെടുത്തിയാലോ റെയ്ഡിൽ പിടിച്ചെടുത്ത ആഹാരസാധനങ്ങൾ പഴകിയതല്ല ചൂടാറാത്തതാണെന്നായിരിക്കും ഹോട്ടലുടമയ്ക്കായി സംഘടിപ്പിക്കുന്ന പരിശോധനാ റിപ്പോർട്ട്. പേര് കൊടുക്കുന്ന മാദ്ധ്യമങ്ങൾ ഹോട്ടലുകാരുടെ മാനനഷ്ടകേസിനും പിന്നെ മറുപടി പറയേണ്ടി വരും.
എന്തു കൊണ്ട് നിരന്തരം റെയ്ഡ് നടത്തുന്നില്ലെന്നു ചോദിച്ചാൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന ന്യായീകരണം നിരത്തും. അയ്മനത്തെ ഷാപ്പിൽ നിന്നു തലക്കറി പാഴ്സൽ വാങ്ങി കഴിച്ചവരിലൊരാളാണ് മരിച്ചത്. ഷാപ്പിൽ നിന്ന് ഇതിന്റെ തെളിവ് ശേഖരിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല. അവർ എത്തിയപ്പോൾ എല്ലാം ക്ലീനാക്കിയിരുന്നു. നാട്ടുകാരെ പറ്റിക്കുന്ന ഈ പ്രഹസനം അവസാനിപ്പിച്ച് സത്യസന്ധമായ പരിശോധന നടത്തുമോ എന്നാണ് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |