കോട്ടയം: മഞ്ഞക്കാർഡുടമകളുടെ പ്രതിമാസ റേഷൻ വിഹിതം വെട്ടിക്കുറക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്നാലെ പൊതു വിപണിയിൽ അരിവില കിലോയ്ക്ക് നാലു രൂപ വരെ ഉയർന്നു. അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ 35 കിലോ അരിയായിരുന്നു എ.എ.വൈ (അന്ത്യാദയ അന്നയോജന ) ഉടമകൾക്ക് ലഭിച്ചിരുന്നത്.ഭക്ഷ്യ ഭദ്രതാ നിയമ ഭേദഗതിയിലൂെടെ ഇത് ഒരംഗത്തിന് ഏഴുകിലോയായി നിജപ്പെടുത്താനാണ് നീക്കം. രണ്ട് അംഗങ്ങളുള്ള കുടുംബത്തിന് സൗജന്യമായി ഒരു മാസം 35 കിലോ അരി ലഭിച്ചിരുന്നത് 14 ആയി കുറയും. ഒറ്റയടിക്ക് 21 കിലോയുടെ കുറവ് ഉണ്ടാകും.
മഞ്ഞക്കാർഡ് ഉള്ളവരിൽ ഏറെയും എസ്.സി, എസ്.ടി മറ്റു ദുർബല വിഭാഗക്കാരാണ്. പല കുടുംബങ്ങളുടെയും ആശ്രയം സൗജന്യമായി ലഭിക്കുന്ന അരി ആണ്. റേഷൻവിഹിതം കുറയുന്നതോടെ കൂടിയ വിലയ്ക്ക് അരി വാങ്ങേണ്ടി വരും.
റേഷൻ വിഹിതം വെട്ടിക്കുറയ്ക്കുകയാണെന്ന പ്രചാരണത്തോടെയാണ് പൊതുവിപണിയിൽ അരി വില ഉയർന്നത്.
വിലകൂടിയത് ഇങ്ങനെ
സാധാരണ അരി
പഴയവില - 48-55 രൂപ (കിലോയ്ക്ക്)
ബ്രാൻഡഡ് അരി- 60 രൂപയ്ക്കു മുകളിൽ
അരിവിഹിതം വെട്ടിക്കുറയ്‌ക്കാനുള്ള കാരണങ്ങൾ
സൗജന്യ അരി പലരും ദുരുപയോഗം ചെയ്യുകയാണന്ന കേന്ദ്ര സർക്കാർ കണ്ടെത്തൽ അരിവിഹിതം വെട്ടിക്കുറക്കാൻ പ്രധാന കാരണമായി.
35 കിലോ അരി സൗജന്യമായി ലഭിച്ചിരുന്ന കുടുംബങ്ങൾ വളർത്തു മൃഗങ്ങൾക്ക് നൽകുകയാണെന്നും മറിച്ച് വിൽക്കുകയാണെന്നുമെല്ലാമാണ് ആരോപണം.
അരിവിഹിതം കുറക്കുന്നതോടെ റേഷൻ വ്യാപാരികളുടെ കമ്മീഷൻ കുറയുന്നത് അവരുടെ കുടുബത്തെയും ബാധിക്കും
മഞ്ഞ കാർഡുകാരുടെ അരി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രനീക്കം കേരളത്തിൽ ഭീമമായ ഭക്ഷ്യ ധാന്യ നഷ്ടത്തിനും വിലക്കയറ്റത്തിനും കാരണമാകും. 95 ലക്ഷം കുടുംബങ്ങളിലെ ആറ് ലക്ഷം കാർഡുകൾ മാത്രമേ ആ വിഭാഗത്തിലുള്ളു. അരി വില നിയന്ത്രിക്കാൻ 31 ലക്ഷം വരുന്ന വെള്ള കാർഡുകൾക്ക് പ്രതിമാസം 10 കിലോ അരി എങ്കിലും നൽകണം. ഭക്ഷ്യ ധാന്യത്തിന്റെ ഒരു വിഹിതം കോഴിക്കും കന്നുകാലികൾക്കും നൽകുന്നതിനൊപ്പംഅവയുടെ മുട്ടയും, പാലും, ഇറച്ചിയും നമ്മൾ ഉപയോഗിക്കുന്നതിനാൽ വെട്ടിക്കുറവ് വലിയ പ്രതിസന്ധി ഉണ്ടാക്കും
കെ.കെ ശിശുപാലൻ
(റീട്ടെയിൽറേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാനവൈസ് പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |