
കൊല്ലം: കേരളത്തിലേയും തമിഴ്നാട്ടിലേയും റെയിൽവേസ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ഥിരം മോഷണം നടത്തുന്ന മോഷ്ടാവ് കൊല്ലം റെയിൽവേ പൊലീസിന്റെ പിടിയിൽ. കൊല്ലം പരവൂർ സ്വദേശി 'വേട്ട അഭിജിത്ത്' (22) ആണ് പിടിയിലായത്. തൃച്ചിനപ്പള്ളിയിൽ മോഷണക്കേസിൽ പിടിയിലായ ഇയാൾ, തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിലായിരുന്നു. തുടർന്ന് കൊല്ലം കേന്ദ്രീകരിച്ചായി മോഷണം. 29ന് രാത്രിയിൽ എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന മെമു ട്രെയിൻ ശാസ്താംകോട്ടയിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഡ്യൂട്ടിക്കാരായ അരുൺദേവ്, രാജേഷ് കുമാർ എന്നിവർ നടത്തിയ പട്രോളിംഗിനിടെ അഭിജിത്തിനെ കണ്ടത്. പ്രതി ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെ രണ്ടു പൊലീസുകാർക്കും പരിക്കേറ്റു. ഇയാളുടെ ബാഗിൽ നിന്ന് 65,500 രൂപ, ഒരു ലാപ്‌ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു.
ട്രെയിനിൻ ടിക്കറ്റെടുത്ത് എ.സി കമ്പാർട്ടുമെന്റുകളിൽ യാത്രചെയ്ത് ലാപ്ടോപ്പ്,മൊബൈൽഫോൺ,സ്വർണം,പണം എന്നിവ കവർന്ന ശേഷം ആളൊഴിഞ്ഞ ഭാഗമെത്തുമ്പോൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയാണ് പതിവ്.
റെയിൽവേ പൊലീസ് സൂപ്രണ്ട് കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം റെയിൽവേ ഇൻസ്പെക്ടർ വി.വി. ദിവിൻ,കൊല്ലം എസ്.എച്ച്.ഒ ശ്യാമകുമാരി,എ.എസ്.ഐ ബിന്ദു,സുനിൽകുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ ലിനു,ആൽബിൻ, റോജൻ ദാസ്,ധന്യ,ശ്രീദേവി,ഇന്റലിജൻസ് ഉദ്യോഗസ്ഥരായ അഖിൽ,രഞ്ജിത്ത്മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇയാൾക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |