SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.14 AM IST

പുണ്യാളനിൽ കുമരകം ടൗൺ, ആർപ്പൂക്കരയിൽ ഇമ്മാനുവൽ പുത്തൻ ചുണ്ടനുകളിൽ പുന്നമട പോരിന് കോട്ടയം ടീമുകൾ

nehru-trophy

കോട്ടയം: സമ്മാനതുക 25 ലക്ഷമായി ഉയർത്തിയ നെഹൃട്രോഫി സ്വന്തമാക്കാൻ കോട്ടയം ടീമുകൾ പുത്തൻ ചുണ്ടനുകളിൽ കച്ചമുറുക്കുകയാണ്. പുന്നമടയിൽ ഇതിഹാസം തീർത്ത കുമരകം ടൗൺ ബോട്ട് ക്ലബ് നിരണം പുണ്യാളനിലും കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് ആർപ്പൂക്കര ചുണ്ടനിലുമാണ് തുഴയെറിയുന്നത്. നിരണം കരക്കാർ നിർമ്മിച്ച പുണ്യാളം പുത്തൻ ചുണ്ടൻ ഇന്ന് നീറ്റിലിറക്കും. കുമരകം ടൗൺ ബോട്ട് ക്ലബ് ശ്രീവിനായകൻ ചുണ്ടനിൽ പരിശീലനം ആരംഭിച്ചു. വരുംദിവസങ്ങളിൽ ക്ലബ് പുണ്യാളം പുത്തൻചുണ്ടനിൽ പരിശീലനം നടത്തും. കുമരകം പുത്തൻ പള്ളി പാരീഷ് ഹാളിൽ ടീം അംഗങ്ങൾക്ക് താമസസൗകര്യമൊരുക്കും. പുണ്യളൻ ചുണ്ടന്റെ ഉടമകളിൽ ഒരാളായ റെന്നി ഫിലിപ്പാണ് ക്യാപ്റ്റൻ.

ആർപ്പുവിളിച്ച് ആർപ്പൂക്കരക്കാർ

നാട്ടിലും വിദേശത്തുമുള്ള ആർപ്പൂക്കരക്കാർ ഒത്തുചേർന്ന് 65 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ആർപ്പുക്കര ചുണ്ടൻ നിർമ്മിച്ചത്. നിരവധി ചുണ്ടൻ വള്ളങ്ങളുടെ ശില്പിയായ കോഴിമുക്ക് നാരായണൻ ആചാരിയുടെ മകൻ സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാകുന്നത്. ആഗസ്റ്റ് ആദ്യം ചൂണ്ടൻ നീറ്റിലിറക്കും. തുടർന്ന് കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് ചൂണ്ടൻ പരിശീലനത്തിനായി കൊണ്ടുപോകും.

നാട്ടകം ചെറുതനയിൽ

ഒരുകാലത്ത് പുന്നമടയെ വിറപ്പിച്ച നാട്ടകം ബോട്ട് ക്ലബ് ചെറുതന ചുണ്ടനിലാണ് നെഹ്റു ട്രോഫിക്ക് ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് ക്ലബ് നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്നത്. വരുംദിവസങ്ങളിൽ പരിശീലനം ആരംഭിക്കും.

ഒരുങ്ങുന്നു കല്ലൂപ്പറമ്പൻ

നീരണിഞ്ഞ വർഷം തന്നെ നെഹ്റു ട്രോഫി സ്വന്തമാക്കി ജലോത്സവ പ്രേമികളെ വിസ്മയിപ്പിച്ച കല്ലൂപ്പറമ്പൻ ചുണ്ടന്റെ പിൻമുറക്കാരനും അണിയറയിൽ ഒരുങ്ങുകയാണ്. 2027ലെ നെഹൃട്രോഫിക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് പുത്തൻചുണ്ടന്റെ നിർമ്മാണം പുരോഗമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, NEHRU TROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL