
എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ ആളുറുമ്പ് പടിഞ്ഞാറ്റുമല ഭാഗത്ത് അമോണിയ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ജനകീയ കൂട്ടായ്മ. കഴിഞ്ഞദിവസം പ്ലാന്റുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയതിനാൽ സമിതി പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഒന്നരയേക്കറോളം ഭൂമിയിൽ പ്ലാന്റിനായി ലൈസൻസിന് അപേക്ഷ നൽകിയത് പത്തനംതിട്ട ആസ്ഥാനമായ കമ്പനിയാണ്. ജനകീയപ്രതിഷേധത്തെ തുടർന്ന് പ്രശ്നം സംബന്ധിച്ച് പഠനം നടത്താൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് ഉപസമിതിയെ നിയോഗിക്കുകയും പ്ലാന്റ് അനുവദിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. സമീപത്തുള്ള നാല് കുടിവെള്ളപദ്ധതികൾക്കും കാപ്പുകയം പാടശേഖരത്തിനും പ്രധാന ജലസ്രോതസായ പൊന്നൊഴുകും തോടിനും ജനങ്ങൾക്കും ഹാനികരമാകുമെന്ന ആശങ്കയാണ് ജനങ്ങൾ പങ്കുവെച്ചത്. കെ.സ്മാർട്ട് വഴിയാണ് കമ്പനി അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഓൺലൈൻ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ തന്നെ പ്രവർത്തന അനുമതി നൽകേണ്ടത് പഞ്ചായത്ത് കമ്മിറ്റിയാണെന്നും ജനങ്ങൾക്ക് ദോഷകരമായ നടപടിക്ക് കൂട്ടുനിൽക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് രക്ഷാധികാരിയായ ജനകീയസമിതിയാണ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |