
കോട്ടയം: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിൽ രജിസ്ട്രർ ചെയ്യാനുള്ള തീയതി 31 വരെ നീട്ടി. ജൂൺ 1 മുതൽ 30 വരെയായിരുന്നു രജിസ്ടേഷൻ കാലാവധി. വിജ്ഞാപനം ഇറങ്ങാൻ വൈകിയതോടെ ഒരു മാസം മുമ്പ് തുറക്കേണ്ട പോർട്ടൽ ജൂലായ് ആറിനാണ് തുറന്നത്. സാങ്കേതിക തടസം കാരണം ഒമ്പതിനാണ് രജിസ്ടേഷൻ ആരംഭിച്ചത്.15ന് രജിസ്ടേഷൻ അവസാനിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാർ നിർദ്ദേശം. പോർട്ടൽ തുറക്കാൻ വൈകിയതിനാൽ ഭൂരിഭാഗം നെൽകർഷകർക്കും രജിസ്ട്രേഷൻ നടത്താനായില്ല. ഇത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലുമുണ്ടായി. തുടർന്ന് രജിസ്ട്രേഷൻ തീയതി കേന്ദ്രസർക്കാർ നീട്ടുകയായിരുന്നു.
പദ്ധതിയിൽ ചേരാം
അക്ഷയകേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്റർ (സി.എസ്.സി), ഇൻഷ്വറൻസ് കമ്പനി ഏജന്റന്മാർ വഴിയും പദ്ധതിയിൽ ചേരാം.
രജിസ്റ്റർ ചെയ്ത്ത് ഒരുലക്ഷം കർഷകർ
കഴിഞ്ഞ കൃഷിയ്ക്ക് ഒരു ലക്ഷത്തോളം നെൽകർഷകർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നു. വിജ്ഞാപനം വൈകിയതോടെ നാലിലൊന്ന് പേർക്ക് പോലും രജിസ്റ്റർ ചെയ്യാനായില്ല. നെല്ല്, പച്ചക്കറി തുടങ്ങി 27 ഇനം വിളകൾക്കാണ് ഇൻഷ്വറൻസ്. സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടെയുള്ള അഗ്രികൾച്ചറൽ ഇൻഷ്വറൻസ് പദ്ധതിയിൽ ഒരു ഹെക്ടറിന് 25000 രൂപയാണ് പ്രീമിയം. 75 ശതമാനം കേന്ദ്രവും, 25 ശതമാനം സംസ്ഥാനവും അടയ്ക്കുന്നതിനാൽ കർഷകർക്ക് ഏറെ സഹായകരമായിരുന്നു പദ്ധതി.
പരിരക്ഷ ലഭിക്കും
കാലാവസ്ഥാ വ്യതിയാനം ,കീടങ്ങളുടെ ആക്രമണം മൂലമുണ്ടാകുന്ന കൃഷിനാശം തുടങ്ങിയവയ്ക്കാണ് പരിരക്ഷ ലഭിക്കുക. വിരിപ്പുകൃഷിയിൽ സാധാരണ മടവീഴ്ചയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നതിനാൽ നെൽകർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ അത്യാവശ്യമായിരുന്നു.
പണം ഇപ്പോഴും കുടിശിക
കഴിഞ്ഞകൃഷിയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കുടിശികയാണ്. കേന്ദ്രസർക്കാർ 90 കോടി അനുവദിച്ചിട്ടും മേയ് 22ന് ശേഷമുള്ള പി.ആർ.എസുകൾക്ക് പണം ലഭിച്ചിട്ടില്ല.
സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തി വിള ഇൻഷ്വറൻസ് രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചത് നെൽകർഷകർക്ക് ഏറെ പ്രയോജനപ്രദമായി.
പൊന്നപ്പൻ (നെൽകർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |